കേരളം

kerala

Emerging Teams Asia Cup | നേപ്പാളിന്‍റെ കിളി പാറി ; കിടിലന്‍ വിജയവുമായി ഇന്ത്യന്‍ യുവനിര

By

Published : Jul 17, 2023, 8:00 PM IST

ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ സായ്‌ സുദര്‍ശന്‍ (Sai Sudharsan), അഭിഷേക് ശര്‍മ (Abhishek Sharma) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി

India A vs Nepal A  ACC Emerging Teams Asia Cup 2023  Emerging Teams Asia Cup 2023  India A vs Nepal A highlights  India A  Nishant Sindhu  Sai Sudharsan  Abhishek Sharma  Dhruv Jurel  ധ്രുവ് ജുറെല്‍  എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പ്  ഇന്ത്യ എ  നിശാന്ത് സിന്ദു
കിടിലന്‍ വിജയവുമായി ഇന്ത്യന്‍ യുവനിര

കൊളംബോ : ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പില്‍ ഇന്ത്യ എയ്‌ക്ക് തുടര്‍ വിജയം. നേപ്പാള്‍ എയ്‌ക്ക് എതിരെ ഒമ്പത് വിക്കറ്റിന്‍റെ മിന്നും വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത നേപ്പാള്‍ 39.2 ഓവറില്‍ 167 റണ്‍സാണ് നേടിയത്. നിശാന്ത് സിന്ധുവിന്‍റെ (Nishant Sindhu) നാല് വിക്കറ്റ് പ്രകടനത്തിലാണ് നേപ്പാളിന്‍റെ പണി പാളിയത്.

മൂന്ന് വിക്കറ്റുകളുമായി രാജ്‌വര്‍ധന്‍ ഹംഗർഗേക്കറും (Rajvardhan Hangargekar) തിളങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ 22.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 172 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍മാരായ സായ്‌ സുദര്‍ശന്‍ (Sai Sudharsan), അഭിഷേക് ശര്‍മ (Abhishek Sharma) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.

69 പന്തില്‍ 87 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 52 പന്തില്‍ 58 റണ്‍സെടുത്ത സായ്‌ സുദര്‍ശന്‍ പുറത്താവാതെ നിന്നു. മിന്നും തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക് സായ്‌ സുദര്‍ശനും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. തുടക്കം മുതല്‍ ഇരുവരും ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. അഭിഷേകായിരുന്നു കൂടുതല്‍ ആകമണകാരി.

139 റണ്‍സ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് 19-ാം ഓവറിന്‍റെ അവസാന പന്തിലാണ് നേപ്പാളിന് തകര്‍ക്കാന്‍ കഴിഞ്ഞത്. അഭിഷേകിനെ മടക്കി ക്യാപ്റ്റന്‍ രോഹിത് പൗഡലാണ് നേപ്പാളിന് ആശ്വാസം നല്‍കിയത്. 12 ഫോറുകളും രണ്ട് സിക്‌സുകളുമടങ്ങുന്നതായിരുന്നു അഭിഷേകിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ ധ്രുവ് ജുറെല്‍ (Dhruv Jurel) ആക്രമിച്ചതോടെ ഇന്ത്യന്‍ വിജയം വൈകിപ്പിക്കാന്‍ നേപ്പാളിന് കഴിഞ്ഞില്ല. 12 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 21* റണ്‍സാണ് താരം നേടിയത്. എട്ട് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സായ്‌ സുദര്‍ശന്‍റെ പ്രകടനം.

അഭിഷേക് ശര്‍മയും സായ്‌ സുദര്‍ശനും

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ നേപ്പാളിനെ ഇന്ത്യന്‍ ബോളര്‍മാര്‍ തുടക്കം മുതല്‍ വരിഞ്ഞ് മുറുക്കി. 82 പന്തില്‍ 65 റണ്‍സെടുത്ത രോഹിത് പൗഡലാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. 30 പന്തില്‍ 38 റണ്‍സെടുത്ത ഗുൽസൻ ജാ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ മറ്റ് താരങ്ങള്‍ നിരാശപ്പെടുത്തി. പുറത്തായ ആറ് നേപ്പാള്‍ താരങ്ങള്‍ക്ക് ഒരക്കം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. 3.2 ഓവറില്‍ 14 റണ്‍സിനാണ് നിശാന്ത് സിന്ധു നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഹര്‍ഷിത് റാണ രണ്ടും മാനവ് സുധാര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

ALSO READ: Asia Cup 2023 | ഇന്ത്യ-പാക് പോരാട്ടങ്ങളുടെ തീയതി പുറത്ത്

വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യ എ ഒന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റാണ് ഇന്ത്യയ്‌ക്കുള്ളത്. ആദ്യ മത്സരത്തില്‍ യുഎഇ എയ്‌ക്ക് എതിരെ എട്ട് വിക്കറ്റിന്‍റെ വിജയമായിരുന്നു ഇന്ത്യ നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുള്ള പാകിസ്ഥാനാണ് ഇന്ത്യയ്‌ക്ക് പിന്നിലുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജൂലൈ 19-ന് പാകിസ്ഥാനാണ് ഇന്ത്യ എയുടെ എതിരാളി. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാവാം.

ABOUT THE AUTHOR

...view details