ഇസ്‌ലാമാബാദ്: ഏഷ്യ കപ്പ് (Asia cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ - പാകിസ്ഥാന്‍ (IND vs PAK) പോരാട്ടത്തിനായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെ പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്ഥാന്‍റെ ബോളിങ് നിരയും തമ്മിലായിരിക്കും പ്രധാന പോരാട്ടമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.
മത്സരത്തില്‍ ആരാവും ജയിച്ച് കയറുകയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയ്‌ക്ക് എതിരെ തോല്‍വി വഴങ്ങിയാല്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും (Babar Azam) മാനേജ്‌മെന്‍റും ചെയ്യേണ്ട കാര്യത്തെക്കുറിച്ച് നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍താരം അബ്‌ദുള്‍ റസാഖ് (Abdul Razzaq On India vs Pakistan Match Asia Cup 2023).
ഏഷ്യ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങിയാലും ഈ ടീമിനെ പാകിസ്ഥാന്‍ നിലനിര്‍ത്തണമെന്നാണ് അബ്‌ദുള്‍ റസാഖ് (Abdul Razzaq) പറയുന്നത്. നിലവിലെ പാക് ടീം ഏറെ സന്തുലിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (Abdul Razzaq on India team).
'നോക്കൂ..., നിലവിലെ പാകിസ്ഥാന്‍റെ പ്ലേയിങ് ഇലവന്‍ ഏറെ സന്തുലിതമാണ്. നല്ല ബാറ്റര്‍മാരും മധ്യനിരയിൽ ഓൾറൗണ്ടർമാരുമുണ്ട്. ബോളിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ പേസിലും സ്‌പിൻ ആക്രമണത്തിലും അവര്‍ക്ക് പൂർണ ശക്തിയുണ്ട്. എപ്പോഴും ഇതേ ടീം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.'
'ഇതാണ് മികച്ച കോമ്പിനേഷൻ. ഇനി ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ തോല്‍ക്കുകയാണെങ്കിലും നിലവിലെ ടീമിനെ മാറ്റരുത്. കാരണം ഇതാണ് പാകിസ്ഥാന്‍റെ ഏറ്റവും മികച്ച ടീം' - അബ്‌ദുള്‍ റസാഖ് പറഞ്ഞു.