കേപ്പ്ടൗണ്‍ :ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം ഹാഷിം അംല കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും 2019ല്‍ കളിയവസാനിപ്പിച്ച താരം കൗണ്ടി ചാമ്പ്യന്‍ഷിപ്പിലായിരുന്നു കളിച്ചിരുന്നത്. കൗണ്ടി ക്രിക്കറ്റില്‍ സറേയ്‌ക്കായി വീണ്ടും കളിക്കില്ലെന്ന് താരം ഉറപ്പിച്ചതിന് പിന്നാലെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറിന് അന്ത്യമായത്. എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹാഷിം അംലയ്ക്ക് വികാരനിർഭരമായ കുറിപ്പുമായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് രംഗത്തെത്തിയിരുന്നു.
''ഹാഷിം അംല.. ഞാൻ എവിടെ തുടങ്ങും?, എളുപ്പമല്ല. കുറച്ച് ദിവസങ്ങൾ, ആഴ്‌ചകൾ, മാസങ്ങൾ, വർഷങ്ങൾ എടുത്തേക്കാം. നിങ്ങളെ കുറിച്ച് എനിക്കൊരു പുസ്‌തകം എഴുതാം.
ഹുമാം, എനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിന് നന്ദി. എല്ലായ്‌പ്പോഴും നിങ്ങൾ എനിക്കൊരു സഹോദരനാണ്. നിങ്ങളുടെ യാത്ര എളുപ്പമായിരുന്നില്ല.
വിചിത്രമായ സാങ്കേതിക മികവുള്ളയാള്‍, അയാള്‍ ഒരിക്കലും സ്ഥിരത പുലര്‍ത്തിയേക്കില്ല, ഇത്രയും കാലം തന്‍റെ മികവ് തുടര്‍ന്നേക്കില്ല. എന്നാല്‍ നിങ്ങളുടേതായ വളരെ തനതായ രീതിയിൽ, നിങ്ങൾ അവിടെ നിന്ന് ഇറങ്ങി നിങ്ങൾക്ക് മാത്രം കഴിയുന്നതുപോലെ ബാറ്റ് ചെയ്‌തു. ശാന്തനായി, സമർത്ഥനും, വിനയാന്വിതനുമായി നിലയുറപ്പിച്ചു. എല്ലായ്‌പ്പോഴും ടീമിന് വേണ്ടി, നിങ്ങളുടെ രാജ്യത്തിനായി എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ നിങ്ങൾ എന്നെ പ്രചോദിപ്പിച്ചു.
അതുകൊണ്ട് തന്നെ ഇന്ന് നിന്നെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ ക്രിക്കറ്റിനെ മനോഹരമാക്കി. നമുക്ക് എല്ലാവര്‍ക്കും അതില്‍ നിന്നും പഠിക്കാനുണ്ട്. ഒരിക്കല്‍ കൂടി നിങ്ങളോടൊപ്പം ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''- എബി ഡിവില്ലിയേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.