മൊഹാലി : മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. പുറത്താവാതെ 175 റണ്‍സും രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റുകളും നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
സ്‌കോര്‍
ഇന്ത്യ : 574/8 ഡിക്ലയേർഡ്
ശ്രീലങ്ക : 174 & 178
ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. അടുത്ത ടെസ്റ്റ് ഈ മാസം 12ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. വിരാട് കോലിയുടെ നൂറാം ടെസ്റ്റ്, ടെസ്റ്റ് ക്യാപ്‌റ്റനായി രോഹിത് ശര്‍മയുടെ അരങ്ങേറ്റം, ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനം, വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്ന് ആര്‍ അശ്വിന്‍ അനില്‍ കുംബ്ലെയ്‌ക്ക് പിന്നിൽ രണ്ടാമെതെത്തുന്നു എന്നിങ്ങനെ ഒരുപാട് സവിശേഷതകളാല്‍ സമ്പന്നമായ ടെസ്‌റ്റായിരുന്നു ഇത്.
81 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വല്ലെയാണ് രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ (46 പന്തിൽ 27), എയ്ഞ്ചലോ മാത്യൂസ് (75 പന്തിൽ 28), ധനഞ്ജയ ഡിസിൽവ (58 പന്തിൽ 30), ചാരിത് അസലങ്ക (ഒൻപത് പന്തിൽ 20) എന്നിവരാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
ഓപ്പണർ ലഹിരു തിരിമാന്നെ (0), ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ പാത്തും നിസങ്ക (19 പന്തിൽ ആറ്), സുരംഗ ലക്മൽ (0), ലസിത് എംബുൽദെനിയ (42 പന്തിൽ രണ്ട്), വിശ്വ ഫെർണാണ്ടോ (0), ലഹിരു കുമാര (4) എന്നിവർ നിരാശപ്പെടുത്തി.
ALSO READ:IND VS SL | ടെസ്‌റ്റിലെ വിക്കറ്റ് നേട്ടത്തിൽ കപിൽ ദേവിനൊപ്പമെത്തി അശ്വിൻ
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 16 ഓവറിൽ 46 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ, മത്സരത്തിലാകെ 9 വിക്കറ്റ് വീഴ്ത്തി. കരിയറിലെ രണ്ടാമത്തെ മാത്രം 10 വിക്കറ്റ് നേട്ടം കൈവിട്ടത് നേരിയ വ്യത്യാസത്തിലാണ്. രവിചന്ദ്രൻ അശ്വിൻ 21 ഓവറിൽ 47 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.
മുഹമ്മദ് ഷമിക്കാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ. മത്സരത്തിലാകെ ആറ് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. 434 വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിനെ മറികടന്നാണ് അശ്വിൻ രണ്ടാമനായത്. ഇനി മുന്നിലുള്ളത് 619 വിക്കറ്റുകൾ വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രം.
നേരത്തെ, എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 574 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്‌ത ഇന്ത്യയ്‌ക്കെതിരെ, ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് വെറും 174 റൺസിൽ അവസാനിച്ചിരുന്നു.