നാഗ്‌പൂര്‍ : 13കാരന്‍ യഷ് ചൗഡെയുടെ ബാറ്റിങ് വിസ്‌മയത്തില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം. 40 ഓവര്‍ മത്സരത്തില്‍ ഓപ്പണറായി എത്തിയ താരം പുറത്താകാതെ 508 റണ്‍സാണ് അടിച്ചെടുത്തത്. 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള മുംബൈ ഇന്ത്യന്‍സ് ജൂനിയര്‍ ഇന്‍റര്‍ സ്‌കൂള്‍ ടൂര്‍ണമെന്‍റിലാണ് യഷ് ചൗഡെയുടെ മാസ്‌മരിക പ്രകടനം. സരസ്വതി വിദ്യാലയത്തിനായി കളത്തിലിറങ്ങിയ യഷ് സിദ്ധേശ്വര്‍ വിദ്യാലയക്കെതിരെയാണ് തകര്‍പ്പന്‍ കളി പുറത്തെടുത്തത്.
വെറും 178 പന്തുകളില്‍ നിന്ന് 81 ഫോറുകളും 18 സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഇതോടെ ഇന്ത്യയിലുടനീളമുള്ള ഇന്‍റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ പരിമിത ഓവർ ഫോർമാറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് വലങ്കയ്യന്‍ ബാറ്റര്‍ സ്വന്തമാക്കി.