ഹൈദരാബാദ് : 28 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകകപ്പ് ഉയര്‍ത്തിയിട്ട് ഇന്ന് 11 വർഷം. 2011 ഏപ്രില്‍ രണ്ടിനാണ് മുംബൈയിലെ വാങ്കഡെയിൽ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലേക്കുയര്‍ന്നത്. കുമാര്‍ സംഗക്കാരയ്‌ക്ക് കീഴിലിറങ്ങിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 275 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യയ്‌ക്ക് മുന്നിലുയര്‍ത്തിയത്. 88 പന്തില്‍ 103 റണ്‍സെടുത്ത ജയവര്‍ധനയുടെ ഇന്നിങ്സായിരുന്നു ലങ്കയ്‌ക്ക് തുണയായത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം പതറി.
രണ്ടാം പന്തിൽ തന്നെ വിരേന്ദർ സെവാഗിനെയും ആറാം ഓവറിൽ സച്ചിനെയും നഷ്ടമായതോടെ സംഘം അപകടം മണത്തിരുന്നു. ഈ സമയം 31 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്. പക്ഷേ പിന്നാലെയെത്തിയ ഗൗതം ഗംഭീർ നിലയുറപ്പിച്ചതോടെ പ്രതീക്ഷകള്‍ക്ക് ജീവന്‍വച്ചു.