ബര്‍മിങ്‌ഹാം: 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. അലക്‌സാണ്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ബര്‍മിങ്ഹാമിന്‍റെ ചരിത്രത്തെ വിളിച്ചറിയിച്ചു. രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരനാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ സംഘത്തെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു ദേശീയ പതാകയേന്തി മാര്‍ച്ച് പാസ്റ്റില്‍ നയിച്ചു. 215 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ബര്‍ഹിങ്‌ഹാമിലെത്തിയത്. 19 കായിക വിഭാഗങ്ങളിലായി 141 ഇനങ്ങളിലാണ് ഇവര്‍ പങ്കെടുക്കുക.
ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ പിവി സിന്ധു, മീരാഭായ് ചാനു, ലോവ്‌ലിന ബൊർഗോഹെയ്‌ൻ, ബജ്‌റംഗ് പുനിയ, രവി കുമാർ ദഹിയ എന്നിവരും കോമണ്‍വെല്‍ത്തിലെ നിലവിലെ ചാമ്പ്യൻമാരായ മണിക ബത്ര, വിനേഷ് ഫോഗട്ട്, കൂടാതെ 2018ലെ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ തജീന്ദർപാൽ സിങ്, ഹിമ ദാസ്, അമിത് പങ്കല്‍ തുടങ്ങിയവാണ് ടീമിലെ പ്രമുഖര്‍.
72 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്നായി 5000ലേറെ കായികതാരങ്ങളാണ് ഇത്തവണത്തെ മേളയില്‍ മാറ്റുരയ്‌ക്കുന്നത്. ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുക. വനിത അത്‌ലറ്റുകൾക്ക് 136ഉം പുരുഷ അത്‌ലറ്റുകൾക്ക് 134 സ്വർണമെഡലുകളാണുള്ളത്.
2018ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 66 മെഡലുകളാണ് ഇന്ത്യ നേടിയത്. എന്നാല്‍ 2010ലാണ് മേളയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 38 സ്വർണമടക്കം അന്ന് 101 മെഡലുകളാണ് ഇന്ത്യ നേടിയത്.