ലക്നൗ: ഇന്ത്യയുടെ 12-ാം സീഡ് കിഡംബി ശ്രീകാന്തും സൗരഭ് വർമ്മയും സയ്യദ് മോദി ഇന്റർനാഷണല്‍ ബാഡ്മിന്റണ്‍ ടൂർണമെന്റിന്റെ ക്വർട്ടർ ഫൈനലില്‍ കടന്നു. ബാബു ബാനാറാസി ദാസ് ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം പാരുപള്ളി കശ്യപിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോർ 18-21, 22-20, 21-16.
ശ്രീകാന്തും സൗരഭും സയ്യദ് മോദി ഇന്റർനാഷണല്‍ ക്വാർട്ടർ ഫൈനലില്‍
ഇരുവരും രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളെ പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലില്‍ കടന്നത്
67 മിനിട്ട് നീണ്ട പോരാട്ടത്തില്‍ ശ്രീകാന്തിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. എന്നാല്‍ അടുത്ത രണ്ട് ഗെയിമുകളും ജയിച്ചാണ് ശ്രീകാന്ത് അടുത്ത റൗണ്ടിലേക്ക് കടന്നത്. ക്വാർട്ടർ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹൊയെ താരം നേരിടും.
മറ്റൊരു മത്സരത്തില്‍ സൗരഭ് വർമ്മ ഇന്ത്യയുടെ തന്നെ ആല്പ് മിശ്രയെ പരാജയപെടുത്തി. 28 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സൗരഭ് വിജയിച്ചത്. സ്കോർ: 21-11, 21-18. ഇരു ഗെയിമുകളിലും സൗരഭിനായിരുന്നു മേല്‍ക്കൈ. ക്വാർട്ടർ ഫൈനലില്‍ തായ്ലാന്റിന്റെ കുന്‍ലാവട്ട് വിതിദസ്രണെ സൗരഭ് വർമ്മ നേരിടും.