ഹൈദരാബാദ്: പ്രീമിയർ ബാഡ്‌മിന്‍റണ്‍ ലീഗിലെ ഫൈനല്‍ മത്സരങ്ങൾക്ക് വേദി ലഭിക്കാത്തതുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. ഫൈനല്‍ മത്സരങ്ങൾക്ക് ഹൈദരാബാദ് വേദിയാകും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോർ സ്‌റ്റേഡിയത്തില്‍ ഫൈനല്‍ മത്സരങ്ങൾ ഉൾപ്പെടെ അരങ്ങേറും. നേരത്തെ ബംഗളൂരുവിലെ ശ്രീകണ്‍ഠീവര ഇന്‍ഡോർ സ്‌റ്റേഡിയമാണ് മത്സരങ്ങൾക്കായി നിശ്ചയിച്ചിരുന്നത്. ഇവിടെ മത്സരം നടത്താനാകില്ലെന്ന് പിബിഎല്‍ ഫ്രാഞ്ചൈസിയായ ബംഗളൂരു റാപ്‌റ്റേഴ്‌സ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ലീഗ് അധികൃതർ വേദി മാറ്റിയത്.
പ്രീമിയര്‍ ബാഡ്മിന്‍റണ്‍ വേദി മാറ്റി; ഫൈനല്‍സ് ഹൈദരാബാദില്‍
ബംഗളൂരുവില്‍ നടക്കാനിരുന്ന ഫൈനല്‍ മത്സരങ്ങൾ ഉൾപെടെ ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോർ സ്‌റ്റേഡിയത്തിലേക്ക് മാറ്റി
ഗച്ചബൗളി ഇന്‍ഡോർ സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴ്, എട്ട് തീയ്യതികളില്‍ സെമി ഫൈനലും ഒമ്പതാം തിയ്യതി കലാശപോരാട്ടവും നടക്കും. 21 ദിവസങ്ങളിലായി നടക്കുന്ന ലീഗില്‍ ആകെ 24 മത്സരങ്ങളാണ് ഉള്ളത്. ലക്‌നൗവിലും ഹൈദരാബാദിലും ചെന്നൈയിലുമായാണ് മത്സരങ്ങൾ നടക്കുക. ആദ്യഘട്ടം ചെന്നൈയിലും രണ്ടാം ഘട്ടം ലക്‌നൗവിലും മൂന്നാ ഘട്ടം ഹൈദരാബാദിലും സംഘടിപ്പിക്കും. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ സ്റ്റാർസ് ലോക ചാമ്പ്യന്‍ പിവി സിന്ധു നയിക്കുന്ന ഹൈദരാബാദ് ഹണ്ടേഴ്‌സിനെ നേരിടും. ചെന്നൈയില്‍ വെച്ചാണ് മത്സരം നടക്കുക. രണ്ടാം ഘട്ടം ലക്‌നൗവില്‍ ജനുവരി 25-ന് ആരംഭിക്കും.
നിരവധി മാസങ്ങളായി ലീഗിനായി വേദി ആവശ്യപെട്ടിട്ടെന്നും സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട ചിലർ പിബിഎല്‍ മത്സരം താറുമാറാക്കാന്‍ ശ്രമിക്കുന്നതായും ബംഗളൂരു റാപ്‌റ്റേഴ്‌സ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. തുടർന്നാണ് വേദി മാറ്റിയത്.