ന്യൂഡൽഹി: 2026 ലെ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുൻപ് 2009 ഹൈദരാബാദിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.
അതോടൊപ്പം 2023ലെ സുദിർമാൻ കപ്പ് ഫിൻലൻഡിലേക്ക് മാറ്റാനും ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്. സുദിർമാൻ കപ്പ് സംഘടിപ്പിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ചാമ്പ്യൻഷിപ്പിന്‍റെ നടത്തിപ്പവകാശം ചൈനക്ക് നൽകാൻ വേൾഡ് ഫെഡറേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ ഏഷ്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഫിൻലൻഡിലേക്ക് മാറ്റുന്നത്.
ALSO READ:തൂവലുകള്‍ക്ക് പകരം സിന്തറ്റിക്; ഷട്ടില്‍ കോക്കിന്‍റെ രൂപം മാറുന്നു
ലോക ചാമ്പ്യൻഷിപ്പ് പോലൊരു വലിയ ടൂർണമെന്‍റ് നടത്തുന്നതിലൂടെ രാജ്യത്തിനും അതിലുപരി ബാഡ്‌മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യക്കും വലിയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് ബാഡ്‌മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) പ്രസിഡന്‍റ് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഇത്രയും വലിയൊരു മത്സരം നടത്തുന്നതിന് ഇന്ത്യയെ പരിഗണിച്ചതിൽ ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷനോട് നന്ദി അറിയിക്കുന്നു.
ALSO READ: ചക്കിട്ടപാറയിൽ നിന്ന് വീണ്ടുമൊരു ഒളിമ്പ്യൻ; സ്വപ്‌നം മെഡൽ മാത്രം
ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന ഇത്തരം ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിന്‍റെ കായിക രംഗത്തിന് വളരെ വലിയരീതിയിലുള്ള വളർച്ച ലഭിക്കും. കൂടാതെ കായിക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.