ടോക്കിയോ: പാരാലിമ്പിക്‌സില്‍ മെഡല്‍ വേട്ടയില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 5 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമായി ആകെ 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോയില്‍ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
9 കായിക ഇനങ്ങളിലായി 54 പേരടങ്ങുന്ന പാരാ അത്‌ലറ്റിക് സംഘത്തെയാണ് ഇന്ത്യ ടോക്കിയോയിലേക്ക് അയച്ചത്. 1968ല്‍ ആദ്യ പാരാലിമ്പിക്‌സില്‍ പങ്കെടുത്തത് മുതല്‍ 2016ലെ റിയോ വരെ ഇന്ത്യയുടെ സമ്പാദ്യം 12 മെഡലുകളായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം റിയോയില്‍ നിന്ന് ടോക്കിയോയിലെത്തുമ്പോള്‍ അവിസ്‌മരണീയ കുതിപ്പാണ് ഇന്ത്യന്‍ സംഘം കാഴ്‌ച വച്ചത്.
19 മെഡല്‍, 24ാം സ്ഥാനം
162 രാജ്യങ്ങള്‍ പങ്കെടുത്ത പാരാലിമ്പിക്‌സില്‍ 19 മെഡലുകളോടെ ഇന്ത്യ 24ാം സ്ഥാനത്താണ്. അതേ സമയം മെഡല്‍ കണക്കുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇരുപതാമതാണ്. ഷൂട്ടിങ്, ബാഡ്‌മിന്‍റണ്‍, ജാവലിന്‍ ത്രോ എന്നിവയിലാണ് ഇന്ത്യ സ്വര്‍ണക്കൊയ്‌ത്ത് നടത്തിയത്. ബാഡ്‌മിന്‍റണ്‍ മത്സരയിനമായി ഉള്‍പ്പെടുത്തിയ വര്‍ഷം തന്നെ ഇന്ത്യ രണ്ട് സ്വര്‍ണം അടക്കം നാല് മെഡലുകള്‍ വാരിക്കൂട്ടി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ സ്റ്റാന്‍റിങ് എസ്എച്ച്1 വിഭാഗത്തില്‍ പത്തൊമ്പതുകാരിയായ അവാനി ലേഖാരയിലൂടെയാണ് ഇന്ത്യ ടോക്കിയോയില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കുന്നത്. 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലം നേടിയതോടെ പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായി അവാനി ലേഖാര മാറി.