ബാലി : ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിൽ അടിപതറി പി.വി സിന്ധു. കലാശപ്പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽവി വഴങ്ങിയത്. സ്‌കോര്‍: 16-21, 12-21.
സീസണിലെ എട്ട് മികച്ച താരങ്ങള്‍ മാത്രം മത്സരിക്കുന്ന ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സിന്ധുവിന്‍റെ മൂന്നാം ഫൈനലായിരുന്നു ഇത്. മത്സരത്തിലുടനീളം ആൻ സേ-യങ്ങിന്‍റെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ഒരു ഘട്ടത്തിൽ പോലും സിന്ധുവിന് മുന്നോറാൻ ദക്ഷിണകൊറിയൻ താരം അവസരം നൽകിയില്ല.
READ MORE:ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: കലാശപ്പോരിന് സിന്ധു; സെമിയില്‍ യമാഗുച്ചിയെ കീഴടക്കി
ആന്‍ സേ-യങ്ങിന്‍റെ തുടര്‍ച്ചയായ മൂന്നാം വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടമാണിത്. നേരത്തെ ഇന്‍ഡൊനീഷ്യ ഓപ്പണ്‍ കിരീടവും ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് കിരീടവും സിന്ധു സ്വന്തമാക്കിയിരുന്നു. ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ 2017ല്‍ ഫൈനലില്‍ തോറ്റ സിന്ധു 2018ല്‍ കിരീടം നേടിയിരുന്നു.
സെമിയിൽ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒരു മണിക്കൂര്‍ 10 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ വിജയം.