ഏഷ്യൻ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സിംഗിള്‍സില്‍ നിന്ന് ഇന്ത്യൻ താരങ്ങളായ സൈന നെഹ്‌വാൾ, പിവി സിന്ധു, സമീര്‍ വര്‍മ്മ എന്നിവർ പുറത്ത്. ഇതോടെ ടൂർണമെന്‍റിലെ ഇന്ത്യൻ പ്രതീക്ഷകള്‍ അവസാനിച്ചു.
ഏഷ്യൻ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ താരങ്ങൾ പുറത്ത് - സമീര്‍ വര്‍മ്മ
ക്വാർട്ടറിൽ സൈന നെഹ്‌വാൾ, പിവി സിന്ധു, സമീര്‍ വര്‍മ്മ എന്നിവരാണ് പുറത്തായത്. ഇതോടെ ടൂർണമെന്‍റിലെ ഇന്ത്യൻ പ്രതീക്ഷകള്‍ അവസാനിച്ചു.
ക്വാര്‍ട്ടറില്‍ ജപ്പാൻ താരം അകാനെ യമഗുച്ചിയോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സൈന നെഹ്വാള്‍ പരാജയപ്പെട്ടത്. സ്കോർ 21-13, 21-23, 21-16. ആദ്യ സെറ്റ് എളുപ്പത്തിൽ യമഗുച്ചി സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് വാശിയേറിയ പോരാട്ടത്തിനൊടുവിൽ സൈന തിരിച്ചുപിടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ 21-16 ന് കളി കൈവിട്ടതോടെ സൈന ടൂർണമെന്‍റിൽ നിന്നും പുറത്താവുകയായിരുന്നു. അതേസമയം ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള പി വി സിന്ധു 17-ാം സ്ഥാനത്തുള്ള ചൈനയുടെ സായ് യാന്‍യാനോട് അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. ചൈനീസ് താരത്തിനെതിരെ പൊരുതി നിൽക്കാൻ സാധിക്കാതെ വന്ന സിന്ധു നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. സാകോർ 21-19, 21-9.
പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ ഷി യുക്കിയോട് 21-10, 21-12 എന്ന സ്‌കോറിനാണ് സമീര്‍ വർമ്മയുടെ തോൽവി. കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.