സ്പെഷ്യൽ ഒളിമ്പിക്‌സ് വേൾഡ് ഗെയിംസിന് ഇന്ന് അബുദാബിയിൽ തുടക്കം. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ റെക്കോഡ് പങ്കാളിത്തവുമായാണ് ഇത്തവണ സ്‌പെഷ്യൽ ഒളിമ്പിക്‌സ് നടക്കുന്നത്.195 പങ്കാളിത്ത രാജ്യങ്ങളും അഞ്ച് നിരീക്ഷക രാജ്യങ്ങളുമടക്കം ഇരുന്നൂറ് രാജ്യങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ്ഇത്തവണ സ്പെഷ്യൽ ഒളിമ്പിക്‌സ് മഹാമേള ആരംഭിക്കുന്നത്.
സ്പെഷ്യൽ ഒളിമ്പിക്‌സിന് ഇന്ന് കൊടികയറും
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് സ്പെഷ്യൽ ഒളിമ്പിക്‌സ് നടക്കുന്നത്. സൗദി അറേബ്യയിൽ നിന്നും ആദ്യമായി 14 വനിതാ അത്‌ലറ്റുകൾ പങ്കെടുക്കുന്നെന്ന പ്രത്യേകതയും ഇത്തവണത്തെ ഒളിമ്പിക്സിനുണ്ട്.
നിശ്ചയദാർഢ്യക്കാരായവരുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് സ്പെഷ്യൽ ഒളിമ്പിക്‌സ് നടക്കുന്നത്. അബുദാബിയിലെ ഏഴ് വേദികളിലും ദുബായിലെ രണ്ട് വേദികളിലുമായാണ് ഒളിമ്പിക്സ് നടക്കുന്നത്. ആതിഥേയരായ യുഎഇയാണ് ഏറ്റവുമധികം മത്സരാർഥികളെ പങ്കെടുപ്പിക്കുന്നത്. മത്സരാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുമുണ്ട്. അടുത്ത അമ്പത് വർഷത്തെ സ്പെഷ്യൽ ഒളിമ്പിക്സ് ലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇത്തവണത്തേത്. കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം, കൂടുതൽ വനിതാ അത്‌ലറ്റുകളുടെ പങ്കാളിത്തം, മുമ്പത്തേക്കാളും ഏകീകൃത സംവിധാനം എന്നിവയെല്ലാം ഇത്തവണത്തെ സ്പെഷ്യൽ ഒളിമ്പിക്‌സിന്‍റെ പ്രത്യേകതകളാണ്.
ആദ്യമായി സൗദി അറേബ്യയിൽ നിന്നുള്ള പതിനാല് വനിതാ അത്‌ലറ്റുകൾ ഇത്തവണ ഒളിമ്പിക്‌സിനെത്തുന്നു എന്നതും ഏറെ ശ്രദ്ധേയമായ മാറ്റമാണ്. 7500 അത്‌ലറ്റുകൾ ഭാഗമാവുന്ന ഒളിമ്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ വിവിധ രാജ്യക്കാരായ 2500 വനിതാ മത്സരാർഥികൾ അതാത് രാജ്യങ്ങളുടെ പതാകയുമായി സ്റ്റേഡിയത്തിൽ അണിനിരക്കും. വൈകിട്ട് നാലിന് അബുദാബി സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.