കായിക മേഖലയിൽ നേട്ടങ്ങൾ കൊയ്യാൻ പ്രായം തടസമല്ലെന്ന് തെളിയിക്കുകയാണ് കാസർഗോഡ് കാറഡുക്കയിലെ വീട്ടമ്മയായ ശാരദ. സിംഗപ്പൂരിൽ വച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് 55 കാരിയായ ശാരദ ഇപ്പോൾ.
ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ കാസർഗോട്ടെ വീട്ടമ്മയും - കാസർഗോഡ്
ദേശീയ മീറ്റിൽ 800 മീറ്റർ ഓട്ടത്തിലും അഞ്ച് കിലോമീറ്റർ നടത്തത്തിലും വ്യക്തിഗത സ്വർണം നേടി. 400 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ശാരദ 100, 400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീമിലും അംഗമായിരുന്നു.
പ്രായം 50 കഴിഞ്ഞെങ്കിലും ചെറുപ്പത്തിന്‍റെ ചുറുചുറുക്കിലാണ് ശാരദ ട്രാക്കിൽ ഇറങ്ങുന്നത്. കുട്ടിക്കാലത്ത് കായിക മത്സരങ്ങളിൽ പങ്കെടുത്തത് ഒഴിച്ചാൽ കുറച്ചു വർഷം മുമ്പ് വരെ ട്രാക്കിന്‍റെ പരിസരത്തു പോലും ഉണ്ടായിരുന്നില്ല. എന്നാൽ തൊഴിലുറപ്പ് ജോലിയും കൃഷിയുമെല്ലാമായി കഴിയുന്ന കാറഡുക്കയിലെ ശാരദ ഇന്ന് ഉറച്ച ചുവടുകളുമായി ട്രാക്കിൽ നിന്നും മെഡലുകൾ വരിക്കൂട്ടുകയാണ്. അതിരാവിലെയുള്ള നടത്തമാണ് ശാരദയിലെ കായികതാരത്തെ ഉണർത്തിയത്. മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലാണ് ശാരദയുടെ നേട്ടങ്ങൾ ഓരോന്നും. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ദേശീയ മീറ്റിൽ 800 മീറ്റർ ഓട്ടത്തിലും അഞ്ച് കിലോമീറ്റർ നടത്തത്തിലും ശാരദ വ്യക്തിഗത സ്വർണം നേടി. 400 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡലും കരസ്ഥമാക്കിയ ശാരദ 100, 400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീമിലും അംഗമായിരുന്നു. ഇനി ലക്ഷ്യം സിംഗപ്പൂരിൽ വച്ച് നടക്കുന്ന ഏഷ്യൻ മീറ്റ്.
കഴിഞ്ഞ വർഷം ചൈനയിലെ ഗാൻഷുവിൽ നടന്ന ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്കായി ശാരദ ട്രാക്കിലിറങ്ങിയിരുന്നു. പ്രായം തളർത്താത്ത മനസും ശരീരവും ഉണ്ടെങ്കിൽ ആർക്കും നേട്ടങ്ങൾ സ്വന്തമാക്കാമെന്ന് ശാരദ സ്വന്തം അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. കല്യാണം കഴിഞ്ഞാൽ അടുക്കളയിൽ ഒതുങ്ങിക്കഴിയുന്നവരാണ് അധികവും. ഇവിടെയാണ് ശാരദ വ്യത്യസ്തയാകുന്നത്. പൂർണ പിന്തുണയുമായി ഭർത്താവ് ശ്രീധരനും കൂടെയുണ്ട്. വോളിബോൾ താരം കൂടിയായ ശ്രീധരനും ത്രോ ഇനങ്ങളിൽ മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നു. കുടുംബത്തിന്‍റെ പൂർണ പിന്തുണയുണ്ടെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുകയെന്നതാണ് ഈ കായിക താരത്തിന്‍റെ ട്രാക്കിലെ പ്രധാന വെല്ലുവിളി. എങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് നേടാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ശാരദ.