ഇസ്‌ലാം മതം സ്വീകരിച്ചതിന്‍റെ കാരണങ്ങൾ വിശദീകരിച്ച് ഇളയാരാജയുടെ മകനും പ്രശസ്‌ത സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജ. എപ്പോഴാണ് താൻ ഇസ്‌ലാമിലേക്ക് എത്തിയതെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെങ്കിലും അതിന് പിന്നിൽ വലിയൊരു യാത്രയുണ്ടെന്ന് യുവാൻ പറഞ്ഞു. ഖുറാൻ ആദ്യമായി പഠിച്ചപ്പോൾ അത് വലിയ പ്രയാസമായിരുന്നുവെന്നും എന്നാൽ, അമ്മ മരിച്ചതിന് ശേഷം അപ്രതീക്ഷിതമായി ഒരു സന്ദർഭത്തിൽ അതിലേക്ക് എത്തിപ്പെടുകയായിരുന്നു എന്നും അദ്ദേഹം വിവരിച്ചു.
ഇസ്‌ലാം മതം, അതൊരു യാത്രയായിരുന്നു: യുവാൻ ശങ്കര്‍ രാജ
പഠന സമയത്ത് ഖുറാൻ പഠിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും അത് മനസിലാക്കാൻ പ്രയാസമായിരുന്നു. പിന്നീട് അമ്മ നഷ്‌ടപ്പെട്ടതിന്‍റെ ദുഃഖത്തിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി ഇസ്‌ലാം മതത്തിലേക്ക് എത്തുകയായിരുന്നു എന്ന് യുവാൻ പറഞ്ഞു.
"ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ്, ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത് ഇസ്‌ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്തെന്ന് പഠിക്കുകയായിരുന്നു. അപ്പോഴാണ് തുടക്കം. ലോകാവസാനം ഉണ്ടാകുമോ എന്ന് താൻ അമ്മയോട് ചോദിക്കുമായിരുന്നു. അപ്പോൾ ഖുറാൻ വായിക്കാൻ ശ്രമിച്ചെങ്കിലും അത് വളരെ പ്രയാസകരമായിരുന്നു മനസിലാക്കാൻ. പിന്നീട് എന്‍റെ അമ്മ മരിച്ച സമയത്ത്, എന്‍റെ ഒരു സുഹൃത്ത് മക്കയില്‍ പോയി വന്നപ്പോൾ ഒരു നിസ്‌കാരപ്പായ കൊണ്ടുവന്നു നൽകി. എപ്പോഴൊക്കെ മനസിന് ഭാരം അനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു.
ഒരിക്കല്‍ എന്‍റെ കസിന്‍ വീട്ടില്‍ വന്നപ്പോൾ സംസാരിക്കുന്നതിന് ഇടയിൽ അമ്മയെക്കുറിച്ച് ഓർമകൾ വന്നു. അപ്പോള്‍ എനിക്കു വലിയ ദുഃഖം അനുഭവപ്പെട്ടു. അതുവരെ ആ നിസ്‌കാരപ്പായയെകുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ, അന്ന് എന്‍റെ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ ആദ്യം കണ്ടത് ആ പായയായിരുന്നു. അന്ന് എനിക്കൊരു സുഹൃത്തിന്‍റെ സന്ദേശം ലഭിച്ചു. അതിൽ ഒരു ചിത്രത്തിനൊപ്പം എഴുതിയിരുന്ന സന്ദേശം ‘മനോഹരമായ ആകാശം’ എന്നായിരുന്നു. ഇസ്‌ലാം മതവിശ്വാസികളായ ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ഒരാളോട് ആ ചിത്രത്തിൽ വല്ല അടയാളം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ‘അത് അല്ലാഹു’ എന്ന് അർത്ഥമുള്ള ഒരു ചിഹ്നം ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന് മറുപടി ലഭിച്ചു. അത് തന്നിൽ അത്ഭുതം ഉണർത്തി. പിന്നീട്, അമ്മയെ നഷ്ടപ്പെട്ടതിന്‍റെ മാനസികാവസ്ഥയിൽ നിസ്‌കാരപ്പായ വിരിച്ച് ഇരിക്കാൻ തുടങ്ങിയെന്നും അങ്ങനെ ഇസ്‌ലാം മതത്തിലേക്കുള്ള വഴിത്തിരിവായെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു. പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരാളെ അറിയുമ്പോൾ ആദ്യം പ്രയാസകരമായി അനുഭവപ്പെട്ടേക്കാം എന്നും യുവാന്‍ ശങ്കര്‍ രാജ വ്യക്തമാക്കി. 2015ൽ സാഫ്റൂൺ നിസാറുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ യുവാന്‍ ശങ്കര്‍ രാജ ഇസ്‌ലാം മതത്തിലേക്ക് മാറിയിരുന്നു.