ഐഎഫ്എഫ്കെയിൽ സലിം കുമാറിനെ ക്ഷണിക്കാതിരുന്നതിൽ ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനുമായ വി.സി അഭിലാഷ് നേരത്തെ പ്രതികരിച്ചിരുന്നു. സലിം കുമാറിനെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് താരം ഒരു കോൺഗ്രസുകാരനായതിനാലാണ് എന്ന ആരോപണത്തിലാണ് വി.സി അഭിലാഷ് പ്രതികരിച്ചത്. ഇടതുപക്ഷക്കാരനായാൽ മാത്രം പോരാ അക്കാദമി ചെയർമാന്‍റെ ഇഷ്‌ടക്കാരനുമാവണം, എങ്കിൽ മാത്രമേ തങ്ങളുടെ ചിത്രങ്ങൾ മേളയിൽ അംഗീകരിക്കൂവെന്ന് സ്വന്തം അനുഭവം വിശദീകരിച്ചാണ് വി.സി അഭിലാഷ് കമലിനെതിരെ വിമർശനമുന്നയിച്ചത്.
എന്നാൽ, കമലിനെതിരെ താൻ പ്രതികരിച്ചത് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നമ്മളെ നിരാശരാക്കിയതിനാലാണെന്ന് തുറന്നുപറയുകയാണ് വി.സി അഭിലാഷ്. കമലിനെ പോലെയൊരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരുമ്പോൾ അർഹതയുള്ളവർ അംഗീകരിക്കപ്പെടുമെന്നും കൂടുതൽ മികച്ച കാര്യങ്ങൾ നടക്കുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് ആളൊരുക്കം ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വി.സി അഭിലാഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. അഭിലാഷിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് സംവിധായകൻ ജിയോ ബേബിയും പോസ്റ്റിന് താഴെ കുറിച്ചു.
"അൽപം മുമ്പ് മാതൃഭൂമി ചാനലിൽ സംസാരിച്ചിരുന്നു. അതിന്‍റെ തുടർച്ചയായി ഇത്രയും കൂട്ടിച്ചേർക്കുന്നു. സംവിധായകൻ കമൽ, ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു തലമുണ്ട്. ക്രിയേറ്റീവായി ഇന്നയിന്നതൊക്കെ നടക്കും,കാര്യവിവരബോധത്തോടെ വിഷയങ്ങളെ സമീപിക്കും, സ്വജനപക്ഷപാതത്തേക്കാൾ അർഹതയുള്ളവർ അംഗീകരിക്കപ്പെടും എന്നൊക്കെ ചിന്തിച്ചിരുന്നു. അത് അസ്സലായി തകരുകയും നമ്മൾ ഉയരങ്ങളിൽ പ്രതിഷ്ഠിച്ചിരുന്ന ഒരാൾ താഴേനിലവാരത്തിലേക്ക് പതിച്ച് നമ്മളെ നിരാശരാക്കുകയും ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ആ ഞെട്ടൽ കൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നത്," സംവിധായകൻ കുറിച്ചു.
ഗസലും പ്രദേശിക വാർത്തകളും പെരുമഴക്കാലവും കണ്ട ഒരാളെ സംബന്ധിച്ചിടത്തോളം കമൽ സാറിനെ പോലൊരാളിനെ പറ്റി ഇങ്ങനെ തുറന്നുപറയേണ്ടി വന്നതിൽ വേദനയുണ്ടെന്നും വി.സി അഭിലാഷ് മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.