തൃശ്ശൂര്‍: 'അമ്മ' സംഘടനയെ മാഫിയയായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് നടന്‍ ടൊവിനോ തോമസ്. ഇരിങ്ങാലക്കുടയില്‍ താര സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം നടത്തി സംസാരിക്കുകയായിരുന്നു അദേഹം. സംഘടനയുടെ നല്ല വശങ്ങള്‍ മാധ്യമങ്ങള്‍ പുറംലോകത്ത് എത്തിക്കുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. അമ്മ സംഘടനയുടെ യോഗങ്ങള്‍ കാണാന്‍ നിയമസഭയില്‍ നടക്കുന്നത് പോലെ പുറത്ത് നിന്നുള്ള കാഴ്ച്ചക്കാരെയും അനുവദിക്കണമെന്നും എന്നാലേ അവിടെ നടക്കുന്ന യഥാര്‍ഥ വസ്തുതകള്‍ പുറംലോകം അറിയുവെന്നും ടൊവിനോ കൂട്ടിചേര്‍ത്തു.
'അമ്മ'യെ മാഫിയ സംഘടനയായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നു: ടൊവിനോ തോമസ്
'അമ്മ'യുടെ നേതൃത്വത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിന് ഇരിങ്ങാലക്കുടയില്‍ നിര്‍മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്
സംഘടനയുടെ 'അമ്മവീട്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താമത്തെ ഗൃഹമാണ് ഇരിങ്ങാലക്കുടയില്‍ നിര്‍മിച്ച് നല്‍കിയത്. ഇരിങ്ങാലക്കുട സ്വദേശി പോളിക്കും കുടുംബത്തിനുമാണ് സംഘടന വീട് നിര്‍മിച്ച് നല്‍കിയത്. നാളുകള്‍ക്ക് മുമ്പ് കാന്‍സര്‍ രോഗം മൂലം പോളിയുടെ ഭാര്യ മരിച്ചിരുന്നു. പോളി നാളുകള്‍ക്ക് മുമ്പ് വീട് നിര്‍മാണം തുടങ്ങിയിരുന്നുവെങ്കിലും ഭാര്യയുടെ ചികിത്സയും മറ്റ് ചിലവുകളും മൂലം പൂര്‍ത്തികരിക്കുവാന്‍ സാധിച്ചിരുന്നില്ല. 1000 ചതുരശ്ര അടിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ഗിരി, അഡ്വ.വി.സി വര്‍ഗീസ്, പി.വി ശിവകുമാര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ ബെന്‍സി ഡേവിഡ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചടങ്ങിന് സ്വാഗതം ആശംസിച്ചു.