എറണാകുളം: സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് ഫിലിം ചേംബർ. കൊച്ചിയിൽ സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. സിനിമാ പ്രദർശനം പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യമില്ലന്ന് ഫിലിം ചേംബർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘടന മുന്നോട്ടു വച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ തിയേറ്റർ പ്രവർത്തിപ്പിക്കാനാവില്ല. വിനോദ നികുതിയിളവ് വേണം. പുതിയ സിനിമകൾ റിലീസിന് എത്തിക്കില്ല. പകുതി കാണികളെ പ്രവേശിപ്പിച്ച് രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതു വരെ തിയേറ്ററുകൾ പ്രവർത്തിപ്പിക്കണമെന്ന തീരുമാനം അംഗീകരിക്കാനാവില്ല.
തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഫിലിം ചേംബർ - സിനിമ കേരളം കൊവിഡ് വാർത്തട
സർക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിക്കണമെന്നും ഫിലിം ചേംബർ വ്യക്തമാക്കി
വിനോദ നികുതിയിളവ് നൽകാമെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തിയേറ്റർ അടച്ചിടും. അന്യഭാഷ ചിത്രങ്ങൾക്കും ഇത് ബാധകമാണ്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് സാമ്പത്തിക ഇളവ് പ്രതീക്ഷിക്കുന്നു. സിനിമാ മേഖലയ്ക്ക് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും സർക്കാരിന് നിവേദനം നൽകിയിരുന്നു. സർക്കാർ ചർച്ചകൾക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫിലിം ചേംബർ ഭാരവാഹികൾ വിശദമാക്കി.
സിനിമാ മേഖല നേരിട്ട പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ സഹായം അനിവാര്യമാണ്. തിയേറ്ററുകളിൽ പകുതി ആളുകളെ പ്രവേശിപ്പിച്ച് പ്രദർശനം തുടങ്ങുന്നത് നഷ്ടത്തിന് കാരണമാകുമെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറയുന്നു. അതേസമയം ജനുവരി 13 മുതൽ തിയേറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് തിയേറ്റർ ഉടമകൾ ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. എങ്കിലും ഫിലിം ചേംബറിന്‍റെ തീരുമാനം അംഗീകരിക്കുമെന്നും തിയറ്റർ ഉടമകൾ പറഞ്ഞിരുന്നു. ഫിലിം ചേംബർ പ്രസിഡന്‍റ് കെ.വിജയകുമാർ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് രഞ്ജിത്ത്, ഫിയോക്ക് സെക്രട്ടറി എം.സി ബോബി, സിയാദ് കോക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.