കണ്ണൂര്‍: മലയാളത്തിന് ഇമ്പമാർന്ന ഗാനങ്ങള്‍ സംഭാവന ചെയ്ത അനശ്വര സംഗീത സംവിധായകനാണ് കെ.രാഘവൻ മാസ്റ്റർ. അദ്ദേഹത്തെപോലെതന്നെ ലാളിത്യം നിറഞ്ഞതായിരുന്നു രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഗാനങ്ങളും. തലശേരിയുടെ എക്കാലത്തെയും അഭിമാനമായ രാഘവൻ മാസ്റ്ററുടെ ആറാം ചരമവാർഷികത്തിലും അദേഹത്തിന്‍റെ സംഗീത മാധുര്യം പ്രവഹിക്കുകയാണ്. സംഗീത സംവിധായകൻ എന്നതിന് പുറമെ ഒരു നല്ല ഫുട്ബോൾ കളിക്കാരനും ഗായകനും സംഗീതാധ്യാപകനും കൂടിയായിരുന്നു രാഘവന്‍ മാസ്റ്റര്‍.
സംഗീത ചക്രവര്‍ത്തി രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ആറുവര്‍ഷം
കേരളത്തിന്‍റെ പ്രാദേശികമായ നാടൻ സംഗീതശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് പുതിയ മുഖം നൽകിയത് രാഘവന്‍ മാസ്റ്ററാണ്. 2010 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു
മറ്റ് ഭാഷകളിലെ സംഗീതം കടമെടുക്കുന്ന അപഹാസ്യമായ സ്ഥിതി മാറ്റി കേരളത്തിന്‍റെ പ്രാദേശികമായ നാടൻ സംഗീതശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് പുതിയ മുഖം നൽകിയത് രാഘവന്‍ മാസ്റ്ററാണ്. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നാടൻ സംഗീതത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്. പൊൻകുന്നം വർക്കിയുടെ 'കതിരുകാണാകിളി'യാണ് സംഗീതസംവിധാനം നിർവഹിച്ച ആദ്യചലച്ചിത്രം. പക്ഷെ അത് വെളിച്ചത്തിലെത്തിയില്ല. പിന്നീട് ചെയ്ത 'പുള്ളിമാനും' വെളിച്ചം കണ്ടില്ല. 'നീലക്കുയിലാണ്' അദ്ദേഹത്തിന്‍റെ സംഗീതസംവിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലച്ചിത്രം.
2010 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. കണ്ണൂർ ജില്ലയിലെ തലശേരിയില്‍ തലായി എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച രാഘവന്‍ മാസ്റ്റര്‍ സ്വന്തം താല്‍പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. കൃഷ്‌ണന്‍-കുപ്പച്ചി ദമ്പതിമാരുടെ മകനാണ്. പി.എസ് നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. സംഗീതപഠനത്തിന് ശേഷം ആകാശവാണിയിൽ സംഗീത വിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.100-ാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് 2013 ഒക്ടോബർ പത്തൊമ്പതിന് ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അദ്ദേഹം സംഗീത ലോകത്തോട് വിട പറഞ്ഞ് കാലത്തിന്‍റെ യവനികയിലേക്ക് മറഞ്ഞത്.