മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന നടന്‍ വിജയ് സേതുപതിയുടെ ആരാധകര്‍ അദ്ദേഹത്തെ കാണാനെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്‍റെ കൈയ്യില്‍ നിന്നും ഒരു സ്നേഹചുംബനം സ്വന്തമാക്കാനാണ്. പ്രിയപ്പെട്ട ആരാധകര്‍ തന്നെ കാണാനെത്തുമ്പോള്‍ അദ്ദേഹം അത് നല്‍കാറുമുണ്ട്. ഇപ്പോഴിതാ ആ സ്നേഹചുംബനം തമിഴകത്തിന്‍റെ ദളപതിക്കും നല്‍കിയിരിക്കുകയാണ് വിജയ് സേതുപതി. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന മാസ്റ്റര്‍ സിനിമയുടെ പാക്കപ്പ് ആഘോഷവേളയിലാണ് അദ്ദേഹം ദളപതി വിജയിയുടെ കവിളില്‍ സ്നേഹചുംബനം നല്‍കിയത്.
ഇരിക്കട്ടെ... ദളപതിക്ക് മക്കള്‍സെല്‍വന്‍റെ വക ഒരു മുത്തം! - vijay sethupathi
ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ സിനിമയുടെ പാക്കപ്പ് ആഘോഷവേളയിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ദളപതി വിജയിയുടെ കവിളില്‍ സ്നേഹചുംബനം നല്‍കിയത്
ആ സുന്ദര നിമിഷത്തിന്‍റെ ചിത്രങ്ങള്‍ മാസ്റ്റര്‍ സിനിമയുടെ ആരാധകര്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള ദളപതി, മക്കള്‍ സെല്‍വന്‍ ആരാധകര്‍ ചിത്രം ആഘോഷിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് മാസ്റ്റര്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ് ചിത്രത്തില്‍ വിജയിക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മാളവിക മോഹനനും ആന്‍ഡ്രിയ ജെറമിയയുമാണ് നായികമാര്‍. ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടയാണ് മാസ്റ്റര്‍ നിര്‍മ്മിച്ചത്. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.