തമിഴകത്തിന്‍റെ ഇളയ ദളപതിയായി വന്ന് ദളപതിയായി മാറിയ നടൻ വിജയിയ്ക്ക് ഇന്ന് 46-ാം ജന്മദിനം. തമിഴകത്ത് മാത്രമല്ല, മലയാളവും തെലുങ്കും ഉൾപ്പെടുന്ന തെന്നിന്ത്യയുടെ മുഴുവൻ ആരാധ്യ നടനാണ് സ്റ്റൈലിഷ് താരം. 1974 ജൂൺ 22ന് ചെന്നൈയിൽ ജനിച്ചു. സിനിമാലോകത്ത് വിജയ് എന്നറിയപ്പെടുന്ന താരത്തിന്‍റെ യഥാർത്ഥ പേര് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ്. തമിഴ് ചലച്ചിത്രനിർമാതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറും ഗായികയും സംവിധായകയുമായ ശോഭ ചന്ദ്രശേഖറുമാണ് വിജയിയുടെ മാതാപിതാക്കൾ. വിജയിയുടെ സഹോദരി വിദ്യ രണ്ടാം വയസിൽ മരിച്ചത് വിജയിയെ വളരെയധികം ബാധിച്ചിരുന്നു. ലയൊള കോളജില്‍ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദദാരിയാണ് വിജയ്.
1984ൽ വെട്രി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിജയ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വെട്രിക്ക് ശേഷം കുടുംബം, വസന്ത രാഗം, സട്ടം ഒരു വിളയാട്ട്, ഇത് എങ്കൾ നീതി, നാൻ സിഗപ്പ് മനിതൻ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. വിജയിക്ക് 18 വയസുള്ളപ്പോൾ നാളൈ തീർപ്പിലൂടെ നായകനായി. ചിത്രത്തിന്‍റെ കഥയും സംവിധാനവും വിജയിയുടെ അച്ഛൻ ചന്ദ്രശേഖറായിരുന്നു. തുടർന്ന് അദ്ദേഹം അഭിനയിച്ച രസികൻ, രാജാവിൻ പാർവയിലെ തുടങ്ങിയ ചിത്രങ്ങൾ വിജയം കണ്ടു. രസികന് ശേഷമാണ് താരത്തിന് ഇളയ ദളപതി എന്ന വിശേഷണവും ആദ്യമായി ലഭിക്കുന്നത്. 1996ലെ പൂവേ ഉനക്കാകയാണ് വിജയിയുടെ കരിയർ ബ്രേക്ക് ചിത്രം. തമിഴകത്തിലെ സൂപ്പർതാരങ്ങളായ രജനികാന്ത്, ശിവാജി ഗണേഷൻ എന്നിവർക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിലും വിജയിക്ക് തന്‍റെ കരിയറിന്‍റെ ആദ്യഭാഗങ്ങളിൽ തന്നെ സാധിച്ചിരുന്നു. അനിയത്തിപ്രാവിന്‍റെ തമിഴ് പതിപ്പ് കാതലുക്ക് മരിയാദൈയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ബോക്സ് ഓഫീസിൽ 200 ദിവസം പ്രദർശിപ്പിച്ച തുള്ളാതെ മനവും തുള്ളും അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്.