സുരേഷ്‌ഗോപി 'കടുവാക്കുന്നേൽ കുറുവച്ചനായി' എത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് കോടതി വിലക്ക്. പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'കടുവ'യുടെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകർപ്പവകാശ ലംഘനം നടത്തി എന്നതാണ് സിനിമക്കെതിരെയുള്ള ആരോപണം. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സുരേഷ് ഗോപി ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തടയണമെന്നാവശ്യപ്പെട്ട് കടുവയുടെ അണിയറപ്രവർത്തകർ എറണാകുളം ജില്ലാ കോടതിയിൽ ഹർജി സമർപ്പിക്കുകയും തുടർന്ന് ചിത്രത്തിനെതിരെ കോടതി വിലക്കേർപ്പെടുത്തുകയും ചെയ്‌തു. കടുവ സിനിമയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേരും സിനിമയുടെ തിരക്കഥയുടെ സീനുകളും രജിസ്റ്റർ ചെയ്തതിന്‍റെ രേഖകൾ ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
സുരേഷ്‌ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്
പൃഥ്വിരാജ് ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നതാണ് സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിനെതിരെയുള്ള ആരോപണം.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ജിനു ഏബ്രഹാം ആണ്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. സുരേഷ് ഗോപിയെ നായകനാക്കി വമ്പൻ താര നിര അണിനിരക്കുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ താരത്തിന്‍റെ കടുവാക്കുന്നേൽ കുറുവച്ചൻ കഥാപാത്രത്തിനെ ഉൾപ്പെടുത്തി പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജിനു ഏബ്രഹാമിന്‍റെ സംവിധാന സഹായി കൂടിയായിരുന്ന, മാത്യുസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.