'ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.' അതിനിയിപ്പോ വീട്ടിലിരുന്നാലും സൂക്ഷിച്ചില്ലേൽ അപകടമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. താരവും കുടുംബവും ചേർന്നൊരുക്കിയ ചിരി പടർത്തുന്ന സ്‌കിറ്റ് ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. വൈറസിനെതിരെ ജാഗ്രത വേണം, അതുപോലെ സ്വന്തം മൊബൈൽ ഫോൺ ഭാര്യയുടെ കയ്യിൽപെട്ടാലും ഭയക്കാതെ ജാഗ്രതയോടെ നേരിടണമെന്നാണ് സുരാജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ സൂചിപ്പിക്കുന്നത്.
ഭാര്യയുടെ കൈയിൽ ഫോൺ; ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് സുരാജ് വെഞ്ഞാറമൂട്
വൈറസിനെതിരെ ജാഗ്രത വേണം, അതുപോലെ സ്വന്തം മൊബൈൽ ഫോൺ ഭാര്യയുടെ കയ്യിൽപെട്ടാലും ഭയക്കാതെ ജാഗ്രതയോടെ നേരിടണമെന്നാണ് സുരാജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ സൂചിപ്പിക്കുന്നത്
ഭാര്യ മറ്റൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ എന്തൊക്കെയോ തിരയുകയാണ്. അടുത്തിരുന്ന് സുരാജ് അതിലേക്ക് എത്തിനോക്കുന്നുമുണ്ട്. അച്ഛനെന്തിനാണ് അമ്മയുടെ ഫോണില്‍ നോക്കണത്, സ്വന്തം ഫോണിൽ നോക്കിയാ പോരെ എന്ന് മകൻ ചോദിക്കുമ്പോൾ സുരാജിന്‍റെ നിസ്സഹായമായ മറുപടിയാണ് വീഡിയോയെ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുന്നത്. ജാഗ്രതാ നിർദേശം നർമം കലർത്തി അവതരിപ്പിച്ച താരത്തിനെ മാത്രമല്ല പ്രശംസിക്കുന്നത്, ഇത്രയും നടന്നിട്ടും ഏകാഗ്രതയോടെ ഫോണിൽ തന്നെ തന്‍റെ പൂർണ ശ്രദ്ധയും നൽകി, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇരിക്കുന്ന ഭാര്യയും മികച്ച അഭിനേത്രിയാണെന്നാണ് മിക്കവരുടെയും അഭിപ്രായം. വൈറസിനെയും ഭാര്യയെയും നേരിടാൻ സോപ്പ് ഫലപ്രദമായ മാർഗമെന്നും ചിലർ രസകരമായി മറുപടി എഴുതി. വീഡിയോക്ക് ശേഷം എന്താണ് നടന്നതെന്ന് വെബ് സീരീസായി കൊണ്ടുവരണമെന്നും പോസ്റ്റിന് കമന്‍റുകൾ ലഭിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിന് പുറമെ വാട്‌സപ്പിലും സുരാജ് വെഞ്ഞാറമൂടിന്‍റെ ജാഗ്രതാ നിർദേശം ട്രെന്‍റാവുകയാണ്.