തിയേറ്റർ പ്രദർശനത്തിന് മുമ്പ് ഒടിടി റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ 'സൂഫിയും സുജാതയും' ട്രെയിലർ പുറത്തുവിട്ടു. ജയസൂര്യയും അതിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നരണിപ്പുഴ ഷാനവാസ് ആണ്. പ്രണയവും സംഗീതവും സൂഫിയും പശ്ചാത്തലമാക്കിയുള്ള ട്രെയിലറാണ് തമിഴ് താരം ധനുഷ് റിലീസ് ചെയ്‌തത്. ഹിന്ദു പെൺകുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള പ്രണയം ചിത്രത്തിന്‍റെ പ്രമേയമാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പ്രണയകാവ്യം പോലെ 'സൂഫിയും സുജാതയും'; ട്രെയിലർ പുറത്തിറക്കി - ആമസോണ്‍ പ്രൈം വീഡിയോ
ജൂലായ് മൂന്നിന് "സൂഫിയും സുജാതയും" ആമസോണ്‍ പ്രൈം വീഡിയോയിൽ പ്രദർശനത്തിന് എത്തും. നേരിട്ട് ഒടിടി റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമാണ് സൂഫിയും സുജാതയും.
സൂഫിയും സുജാതയും
എഡിറ്ററും സംവിധായകനുമായി മലയാളിക്ക് സുപരിചിതനായ നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൂഫിയും സുജാതയുടെയും സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്. അനു മൂത്തേടത്ത് ഫ്രെയിമുകൾ ഒരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ദീപു ജോസഫാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു ചിത്രം നിർമിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സൂഫിയും സുജാതയും അടുത്ത മാസം മൂന്നിന് ആമസോണ്‍ പ്രൈം വീഡിയോയിൽ പ്രദർശനത്തിന് എത്തും.