കേരളം

kerala

By

Published : Sep 15, 2019, 5:59 PM IST

Updated : Sep 15, 2019, 6:23 PM IST

ETV Bharat / sitara

പ്രമോഷനായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് മെഗാസ്റ്റാറും ദളപതിയും

മമ്മൂട്ടിയും വിജയും ചിത്രങ്ങളുടെ പ്രമോഷന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നിര്‍ദേശം നല്‍കി

പ്രമോഷനായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കില്ലെന്ന് മെഗാസ്റ്റാറും ദളപതിയും

ഏത് ഭാഷയിലായാലും സിനിമകള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് പ്രമോഷനായി അണിയറപ്രവര്‍ത്തകരും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ പടുകൂറ്റന്‍ കട്ടൗട്ടും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അവ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്‍റെ ദളപതി വിജയും. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് ഫ്ളക്സ് ബോര്‍ഡ് വീണ് യുവതി മരിച്ചിരുന്നു. ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആര്‍ ശുഭശ്രീയാണ് മരിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. ബ്യൂറോക്രാറ്റിക് അനാസ്ഥയുടെ അനന്തര ഫലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയ അപകടമെന്നും കോടതി വിമര്‍ശിച്ചു.

ഈ അപകടത്തിന് ശേഷമാണ് താരങ്ങള്‍ ഫ്ളക്സുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വന്‍റെ പരസ്യത്തിനായി വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്‍റോ ജോസഫും ചേര്‍ന്നാണ് ഫ്ലക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ചിത്രത്തിന്‍റെ പരസ്യത്തിനായി പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കുവെന്നും സംവിധായകന്‍ രമേഷ് പിഷാരടി പറഞ്ഞു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ ബിഗിലിന്‍റെ ഓഡിയോ ലോഞ്ചിന് വേണ്ടി വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയും ആവശ്യപ്പെട്ടു. ഈ മാസം 19നാണ് വിജയ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടക്കുന്നത്. താരങ്ങളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

Last Updated : Sep 15, 2019, 6:23 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details