കേരളം

kerala

ETV Bharat / sitara

ചിരിപ്പിക്കാൻ അറിയാവുന്നവർക്ക് നന്നായി കരയിപ്പിക്കാനും അറിയാം...

ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയില്‍ നിലയുറപ്പിച്ചശേഷം ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഭ തെളിയിച്ച നിരവധി അഭിനേതാക്കളാണ് മലയാള സിനിമക്ക് സ്വന്തമായുള്ളത്

special story about malayalam comedy actors  ഹാസ്യകഥാപാത്രങ്ങള്‍  സലിംകുമാര്‍  സുരാജ് വെഞ്ഞാറമൂട്
ചിരിപ്പിക്കാൻ അറിയാവുന്നവർക്ക് നന്നായി കരയിപ്പിക്കാനും അറിയാം...

By

Published : Jul 18, 2020, 6:00 AM IST

രണ്ടര മണിക്കൂറോളം നീണ്ടുപരന്നുകിടക്കുന്ന സിനിമയില്‍ ഒരു പൊടിക്കെങ്കിലും നര്‍മ്മം ഇല്ലെങ്കില്‍ അത് ആസ്വാദകനില്‍ വലിയ വിരസതയുണ്ടാക്കും. എന്നാല്‍ നര്‍മ്മം ഒരിക്കലും പ്രേക്ഷകന് അരോചകം നിറഞ്ഞതാകരുത്. അത്തരത്തില്‍ ആവര്‍ത്തനമില്ലാതെ പുതുമയോടെ നര്‍മ്മം അവതരിപ്പിക്കണം... സിനിമ പിറവിയെടുത്തപ്പോള്‍ മുതല്‍ ഇത്തരം നര്‍മ്മങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടിയ നടീനടന്മാരും ജനിച്ചുവെന്നുപറയാം... ചിലര്‍ ശരീര ഭാഷയിലൂടെയും മറ്റ് ചിലര്‍ സംസാര ശൈലിയിലൂടെയും സംഭാഷണത്തിലൂടെയും ആളുകളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. കുറച്ച് പേര്‍ ഇത്തരക്കാരെ ഹാസ്യത്തിന് വേണ്ടി മാത്രം സിനിമയുടെ ഭാഗമാക്കിയപ്പോള്‍ ചിലര്‍ തന്ത്രപരമായി മറ്റ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇവരെ ഉപയോഗിച്ചു. ഹാസ്യം മാത്രമല്ല ഏത് റോളും വഴങ്ങുമെന്ന് അതോടെ ഈ നടീനടന്മാര്‍ തെളിയിച്ചുവെന്ന് മാത്രമല്ല... ദേശീയതലത്തില്‍ വരെ അംഗീകാരങ്ങള്‍ നേടി മലയാള സിനിമയുടെ പ്രശസ്തി ഉയര്‍ത്താനും ഇവര്‍ക്ക് സാധിച്ചു. അത്തരത്തില്‍ കോമഡി കഥാപാത്രങ്ങള്‍ക്ക് പുറമെ കാമ്പുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ദേശീയ-സംസ്ഥാന തലത്തില്‍ ശ്രദ്ധനേടിയ മലയാളത്തിന്‍റെ ചില അഭിമാനതാരങ്ങളെ അടുത്തറിയാം...

സലിംകുമാര്‍

2010 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നു... ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നടന്‍ സലിംകുമാറിനും മികച്ച ചിത്രമായി ആദാമിന്‍റെ മകന്‍ അബുവും തെരഞ്ഞെടുക്കപ്പെട്ടു. പുരസ്കാരം പ്രഖ്യാപിക്കപ്പെടുമ്പോള്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ടായിരുന്നില്ല. 'അവാര്‍ഡ് പടം' എന്ന മാറാപ്പ് ചുമന്ന് സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്‍റെ മകന്‍ അബു' തിയേറ്ററുകളിലെത്തിയപ്പോള്‍ ഒരു സാധാരണ സിനിമ കാണാനെത്തുന്ന പോലെയായിരുന്നില്ല ഈ സിനിമയെ പ്രേക്ഷകര്‍ സമീപിച്ചത്. മറ്റ് പല അവാര്‍ഡ് സിനിമകളും ബോക്‌സോഫീസില്‍ പച്ച തൊടാത്തത് കണ്ട് അനുഭവമുള്ളതുകൊണ്ടാവാം എല്ലാത്തരം പ്രേക്ഷകര്‍ക്കും മനസിലാവുന്ന ഒരു അവാര്‍ഡ് ചിത്രമാണിതെന്ന് സംവിധായകന്‍ സലിം അഹമ്മദിന് തുറന്ന് പറയേണ്ടി വന്നത്. ചിത്രം പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ സലിംകുമാറിനെ തേടി അഭിനന്ദനങ്ങളെത്തി. പകത്വയാര്‍ന്ന മികവുറ്റ അഭിനയമെന്ന് പലരും പറഞ്ഞു. മുഖഭാവങ്ങളിലും, ശരീര ഭാഷയിലും, ഡയലോഗ് ഡെലിവറിയിലും പാലിക്കുന്ന മിതത്വവും കൃത്യതയും സലിംകുമാറിന്‍റെ പ്രതിഭ വെളിപ്പെടുത്തി. സ്വന്തം വിശ്വാസങ്ങളോട് അപാരമായ സത്യസന്ധതയും കൂറും പുലര്‍ത്തിയതിനാല്‍ ജീവിതത്തോട് സന്ധി ചെയ്യാനാവാതെ തോറ്റുപോയ മനുഷ്യനായി സലിംകുമാര്‍ പകര്‍ന്നാട്ടം നടത്തി. അഭിനന്ദിക്കാതിരിക്കാനാവില്ല ആര്‍ക്കും...

ആദാമിന്‍റെ മകന്‍ അബുവില്‍ സലിംകുമാര്‍ സെറീന വഹാബിനോടൊപ്പം (കടപ്പാട്: ഫേസ്ബുക്ക്)

സുരാജ് വെഞ്ഞാറമൂട്

പ്രതിഭ എല്ലാവരിലും ഒളിഞ്ഞുകിടപ്പുണ്ട് അത് കണ്ടെത്തി പ്രവര്‍ത്തിക്കുന്നവനാണ് എന്നും ജീവിത വിജയം നേടിയിട്ടുള്ളത്. എല്ലാത്തരത്തിലും ഈ വാക്കുകളോട് ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന പേരാണ് സുരാജ് വെഞ്ഞാറമൂടെന്നത്. ടെലിവിഷന്‍ പരിപാടികളിലെ ചെറിയ കോമഡി വേഷങ്ങളിലൂടെയും മിമിക്രിയിലൂടെയും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ പ്രതിഭ. കരിയറിന്‍റെ തുടക്കത്തില്‍ ഹാസ്യതാരമായി നിരവധി ചിത്രങ്ങള്‍. പിന്നീട് സെലക്ടീവായി നല്ല കഥാപാത്രങ്ങളുമായി തിരശീലയിലേക്ക്. ഹാസ്യതാരമായി ഒരുങ്ങിപോകുമോയെന്ന ഭയമാണ് തനിക്കാവശ്യമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സുരാജ് തന്നെ പറഞ്ഞിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് 2013ല്‍ സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഡോ.ബിജുവാണ് പേരറിയാത്തവര്‍ സംവിധാനം ചെയ്തത്. പേരില്ലാത്ത ഒരു കഥാപാത്രത്തെയാണ് പേരറിയാത്തവരില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചത്.

പേരറിയാത്തവര്‍ എന്ന സിനിമയില്‍ നിന്നും (കടപ്പാട്: ഫേസ്ബുക്ക്

കലാഭവന്‍ മണി

മിമിക്രിയിലൂടെ സിനിമാരംഗത്തേക്ക്... മുഴുനീള ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ കാലുറപ്പിച്ചു. പിന്നീട് നായകന്‍, വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. കലാഭവന്‍ മണി എന്നും മലയാളിക്ക് പ്രിയപ്പെട്ട നടനാണ്. മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരം നേടാന്‍ ഏറെ അര്‍ഹതയുണ്ടായിട്ടും കൈയ്യെത്തും ദൂരത്ത് നിന്ന് തട്ടിമാറ്റപ്പെട്ടു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയന്‍ ചിത്രത്തിലെ അഭിനയത്തിലൂടെ കലാഭവന്‍ മണിക്ക് ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. അന്ന് കലാഭവന്‍ മണിയെയും അദ്ദേഹത്തിന്‍റെ സിനിമകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ജൂറി പുരസ്കാരത്തില്‍ മാത്രം കലാഭവന്‍ മണിയിലെ പ്രതിഭയെ ഒതുക്കിയത് വലിയ ആഘാതമായിരുന്നു.

വാസന്തിയു ലക്ഷ്മിയും പിന്നെ ഞാനുമെന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍

സുരഭിലക്ഷ്മി

റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമയിലേക്ക് എത്തിയ അഭിനേത്രി. അതിമനോഹരമായി കോഴിക്കോടന്‍ ഭാഷ കൈകാര്യം ചെയ്ത് ജനഹൃദയങ്ങള്‍ കീഴടക്കി. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത പരമ്പരയിലെ നിഷ്‌കളങ്കമായ പാത്തു എന്ന വീട്ടമ്മയായാണ് സുരഭിയെ പലരും ഇഷ്ടപ്പെടുന്നത്. 2005ല്‍ ആരംഭിച്ച സിനിമാ ജീവിതം 2020ല്‍ എത്തിനില്‍ക്കുമ്പോള്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു സുരഭി. ഹാസ്യകഥാപാത്രങ്ങളും അവര്‍ മനോഹരമാക്കി. 2017ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങിലെ പ്രകടനമാണ് സുരഭിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കൗമാരക്കാരിയുടെ അമ്മയായി സുരഭിലക്ഷ്മി അപാരപ്രകടനം ചിത്രത്തില്‍ നടത്തിയിട്ടുണ്ട്. ഒരു നിമിഷം അത്രയേറെ ഭാവങ്ങളാണ് ഈ അഭിനേത്രിയുടെ മുഖത്ത് തെളിയുന്നത്. വാരിവലിച്ച് സിനിമകള്‍ ചെയ്ത് മടുപ്പിക്കുന്നില്ലയെന്നതും സുരഭിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കുന്നു.

മിന്നാമിനുങ്ങില്‍ സുരഭിലക്ഷ്മി

അടൂര്‍ ഭാസി

നര്‍മം ആസ്വദിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെങ്കിലും സ്വാഭാവികമായ നര്‍മം അഭിനയിച്ച് ഫലിപ്പിക്കാന്‍ എല്ലാവര്‍ക്കുമാവില്ല. അത്തരത്തില്‍ സ്വാഭാവിക നര്‍മം അഭിനയിച്ച് കൈയ്യടി നേടിയ ചുരുക്കം പ്രതിഭകളിലൊരാളാണ് അടൂര്‍ ഭാസി. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും നര്‍മബോധം കൊണ്ടും അദ്ദേഹം പ്രേക്ഷകന്‍റെ മനസില്‍ ഇടംപിടിച്ചു. 'മനുഷ്യനാകാന്‍ ഏറ്റവും നല്ലതും സുഗമവുമായ വഴി ചിരിയാണെങ്കില്‍ മനുഷ്യത്വനിര്‍മിതിക്ക് ഏറ്റവും ആക്കംകൂട്ടുന്നയാള്‍ ചിരിപ്പിക്കുന്നവന്‍ തന്നെയാണ്'. എന്നാല്‍ ഹാസ്യവേഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്‍റെ അഭിനയ പാടവം. എല്ലാത്തരം കഥാപാത്രങ്ങളും അദ്ദേഹത്തിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. രംഗവേദിയിയും വെള്ളിത്തിരയിലും മാത്രമല്ല ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു. 1974ലും 1979ലും അടൂര്‍ ഭാസിയായിരുന്നു മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത്. ചട്ടക്കാരിയിലെയും, ചെറിയച്ഛന്‍റെ ക്രൂരതകള്‍ എന്ന സിനിമയിലെയും പ്രകടനങ്ങള്‍ക്കായിരുന്നു പുരസ്കാരം.

അടൂര്‍ ഭാസി (കടപ്പാട്: ഫേസ്ബുക്ക്)

ഒടുവില്‍ ഉണ്ണികൃഷ്ണന്‍

ലാളിത്യത്തിന്‍റെ പര്യായമായി നാലുപതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന, തനിമയാർന്ന കഥാപാത്രങ്ങൾക്ക് മനോധർമത്തിന്‍റെയും ഗ്രാമീണതയുടെയും നിഷ്‌കളങ്കതയുടെയും ഭാവങ്ങൾ പകർന്നുനൽകിയ, അഭിനയകലയുടെ ഒടുവിലത്തെ ഉത്തരമായ ഒടുവിൽ ഉണ്ണികൃഷ്ണൻ നിരവധി ഹാസ്യകഥാപാത്രങ്ങള്‍ക്കാണ് മലയാള സിനിമയില്‍ ജീവന്‍ നല്‍കിയത്. നർമരസത്തിലൂടെയുള്ള വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇന്നും നിലനിൽക്കുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു ഈ നടൻ. മഴവിൽക്കാവടിയിലെ ചെത്തുകാരൻ, പൊന്മുട്ടയിടുന്ന താറാവിലെ കറവക്കാരൻ, ഗോളാന്തര വാർത്തയിലെ കള്ള് കച്ചവടക്കാരൻ, മാട്ടുപ്പെട്ടി മച്ചാനിലെ പുത്തൻ പണക്കാരൻ, തലയണ മന്ത്രത്തിലെ ഡാൻസ് മാസ്റ്റർ, ഭരതത്തിലെ മൃദംഗ കലാകാരൻ തുടങ്ങിയവയെല്ലാം പ്രേക്ഷകർ ഏറ്റുവാങ്ങിയ ഒടുവിലിന്‍റെ കഥാപാത്രങ്ങളാണ്. അടൂർ ഗോപാലകൃഷ്ണന്‍റെ 2002ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിൽ കാളിയപ്പൻ എന്ന ആരാച്ചാർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് സംസ്ഥാന സർക്കാരിന്‍റെ ആ വർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം ഉണ്ണികൃഷ്ണനെ തേടിയെത്തി.

ഒടുവില്‍ ഉണ്ണികൃഷ്ണൻ നരേനൊപ്പം (കടപ്പാട്: ഫേസ്ബുക്ക്)

ഇന്ദ്രന്‍സ്

പപ്പു പിഷാരടി എന്ന വൃദ്ധനായ മനുഷ്യന്‍റെ ഉത്തരം കിട്ടുമെന്നുറപ്പില്ലാത്ത കാത്തിരിപ്പുകള്‍, ഓര്‍മകള്‍, മരണത്തിന്‍റെ നെടുവീര്‍പ്പുകള്‍, തിരശ്ശീലക്കണ്ണുകളിലൂടെ നോക്കിയണഞ്ഞ പ്രണയത്തിന്‍റെ ഓര്‍മപ്പുഞ്ചിരികള്‍, കുറ്റബോധം, വാര്‍ധക്യത്തിലെ അനാഥത്വം, ഒടുവില്‍ യാഥാര്‍ഥ്യത്തില്‍ നിന്നുഴറി മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനം. ഓട്ടന്‍തുള്ളലിനൊപ്പം ജീവിക്കുന്ന പപ്പു പിഷാരടിയിലൂടെയുള്ള യാത്രയാണ് ആളൊരുക്കം. അഭിനയത്തികവ് കൊണ്ട് ഇന്ദ്രന്‍സ് അവിസ്മരണീയമാക്കിയ ആളൊരുക്കം കാലികപ്രസക്തമായ, തീക്ഷ്ണമായൊരു പ്രമേയമാണ് കൈകാര്യം ചെയ്തത്. ഈ ചിത്രത്തിലെ പ്രകടനമാണ് 2017ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കാന്‍ ഇന്ദ്രന്‍സിന് സഹായകമായത്. അതുവരെ മലയാളികണ്ട ഇന്ദ്രന്‍സായിരുന്നില്ല ആളൊരുക്കത്തിലൂടെ തിരശീലയിലെത്തിയത്. വേണ്ടത്ര ശരീര സൗന്ദര്യമോ ആരാധക പിന്തുണയോ ഇല്ലാതെയാണ് ഇന്ദ്രന്‍സ് സിനിമയില്‍ തന്‍റെതായൊരു ഇടം കണ്ടെത്തിയത്. കൊടക്കമ്പി പോലുള്ള ശരീരവുമായി ഈ മനുഷ്യന്‍ നിരവധി സിനിമകളിലൂടെ മലയാളക്കരയെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് കഠിനാധ്വാനത്തിലൂടെ ഈ പ്രതിഭ അന്താരാഷ്ട്ര തലത്തില്‍ വരെ അംഗീകരിക്കപ്പെട്ടു.

ആളൊരുക്കത്തില്‍ ഇന്ദ്രന്‍സ് (കടപ്പാട്: ഫേസ്ബുക്ക്)

ABOUT THE AUTHOR

...view details