കരങ്ങള്‍ ചേര്‍ത്തിടാതെ, കരളുകൾ കോര്‍ത്ത് കൊവിഡിനെതിരെ പോരാടാം. അതിനായി മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും സർക്കാർ സംവിധാനങ്ങൾക്കും മലബാറിക്കസ് സമർപ്പിക്കുന്നതാകട്ടെ ഒരു ഗാനവും. ലോകത്താകമനം സംഗീതപരിപാടികളുമായി നടന്ന സിതാരയ്‌ക്കും കൂട്ടർക്കും വീട്ടിലിരിക്കുമ്പോഴായാലും പാട്ടുണ്ടാക്കാതിരിക്കാൻ സാധിക്കില്ല. അങ്ങനെയാണ് മലയാളിയുടെ പ്രിയപ്പെട്ട ഗായിക സിതാര കൃഷ്‌ണകുമാർ ഗാനരചയിതാവ് മനുവിനെ വിളിച്ച് വരികളെഴുതാൻ ആവശ്യപ്പെടുന്നതും തുടർന്ന് "വിശ്വമാകെ വിത്തെറിഞ്ഞു..." എന്ന ഗാനം തയ്യാറാക്കിയതും.
പ്രതിരോധമാണ് പ്രതിവിധി: സിതാരയും മലബാറിക്കസും ചേർന്നൊരു 'സോങ് ഫ്രം ഹോം'
സിതാരയും മലബാറിക്കസ് ടീമും അവരവരുടെ വീട്ടിലിരുന്ന് കൊണ്ട് തങ്ങളുടെ പരിമിതികളെ മറികടന്നാണ് "വിശ്വമാകെ വിത്തെറിഞ്ഞു..." എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത്.
ഇതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം അവരവരുടെ വീട്ടിലിരുന്ന് കൊണ്ട് തങ്ങളുടെ പരിമിതികളെ മറികടന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. "എന്‍റെ കയ്യിൽ മൈക്ക് ഇല്ല, ഒരാൾക്ക് സോഫ്റ്റ്‌വെയർ ഇല്ല , മറ്റൊരാൾക്കു വീഡിയോ എടുക്കാൻ ആളില്ല. അങ്ങനെ സാങ്കേതികമായ ഒരുപാട് പരിമിതികളിൽ നിന്നുകൊണ്ട് ഫോൺ ആപ്പുകളുടെയും, സെൽഫി സ്റ്റിക്കുകളുടെയും, വീട്ടുകാരുടെയും ഒക്കെ സഹായത്തോടെ ഉണ്ടാക്കിയ കുഞ്ഞു പാട്ട് !!!" കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വീട്ടിലിരിക്കുന്നവർക്കും മറ്റുള്ളവർക്കായി കഷ്‌ടപ്പെടുന്നവർക്കും ഗാനം സമർപ്പിക്കുന്നുവെന്ന് സിതാര കൃഷ്‌ണകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.