മലയാള സിനിമയിലെ സുവര്‍ണ ജോഡികളായ മോഹന്‍ലാലും ഷാജി കൈലാസും സമ്മാനിച്ചത് ഒട്ടനവധി സൂപ്പര്‍ ഹിറ്റുകളാണ്. ആറാം തമ്പുരാന്‍ (1997), നരസിംഹം (2000), താണ്ഡവം (2002), നാട്ടുരാജാവ് (2004), ബാബാ കല്യാണി (2006), അലി ഭായ് (2007), റെഡ് ചില്ലീസ് (2009) എന്നിവയാണ് ഇരുവരുടെയും കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രങ്ങള്‍.
12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുകയാണ്. വ്യത്യസ്‌തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സമീപകാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഹെയര്‍ സ്റ്റൈലിലും വസ്‌ത്രധാരണത്തിലുമാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
എലോണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വെറും 18 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം ഷാജി കൈലാസ് തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പതിനെട്ടാം ദിവസം ചിത്രത്തിന് പാക്കപ്പ് പറയുമ്പോള്‍ കൂടെ നിന്ന മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നന്ദി അറിയിച്ചായിരുന്നു ഷാജി കൈലാസിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
Also Read:സുകുമാര കുറുപ്പിന്‍റെ ചുരുളഴിയുന്നു, തിയേറ്ററില്‍ റിലീസ്, നവംബര്‍ 12ന് എത്തും
'ഇന്ന് പതിനെട്ടാം ദിവസം.. എലോണ്‍ പാക്കപ്പായി... കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ എന്നോടൊപ്പം പ്രയത്നിച്ച എന്‍റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്‍റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി... എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നല്‍കുന്ന എന്‍റെ പ്രിയപ്പെട്ട സിനിമ ആസ്വാദകര്‍ക്ക് ഒത്തിരിയൊത്തിരി നന്ദി..' - ഷാജി കൈലാസ് കുറിച്ചു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. ആശിര്‍വാദ് സിനിമാസിന്‍റെ 30ാമത്തെ ചിത്രം കൂടിയാണിത്. നരസിഹം ആയിരുന്നു ഈ കൂട്ടുകെട്ടിലൊരുങ്ങിയ ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം.
രാജേഷ് ജയറാം തിരക്കഥയും, അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും, ഡോണ്‍ മാക്സ് എഡിറ്റിംഗും നിര്‍വഹിക്കുന്ന എലോണിന്‍റെ സംഗീതം ജേക്സ് ബിജോയിയുടേതാണ്. ലിജു പനം കോഡ്, ബിജീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ മേക്കപ്പും, മുരളി വസ്‌ത്രാലങ്കാരവും നിര്‍വഹിക്കുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് എലോണ്‍.