ഉപ്പും മുളകിലെ മാധവൻ തമ്പി കുമാരേട്ടനായി വീണ്ടും പ്രേക്ഷകരുടെ മനസിലിടം പിടിക്കുകയാണ്. പൃഥിരാജും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിൽ ഡ്രൈവർ കുമാരനായെത്തിയത് മാധവൻ തമ്പിയിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശാണ്. 1989ൽ സുകുമാരനൊപ്പം പേരില്ലാത്ത ഒരു കഥാപാത്രത്തെയാണ് രമേശ് അവതരിപ്പിച്ചതെങ്കിലും 31 വർഷങ്ങൾക്ക് ശേഷം പൃഥിരാജ് 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രമായ അദ്ദേഹത്തിന്‍റെ വളർച്ചയെക്കുറിച്ച് തിരക്കഥാകൃത്ത് അഫ്‌സൽ കരുനാഗപ്പള്ളി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. അയ്യപ്പനും കോശിയും സിനിമ കണ്ടു കഴിഞ്ഞ ശേഷം കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെക്കുമ്പോഴാണ് 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ ഒരു പാട്ട് രംഗത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പറഞ്ഞതെന്ന് അഫ്‌സൽ കുറിപ്പിൽ വ്യക്തമാക്കുന്നു.
പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും കുമാരേട്ടനിലേക്ക്; അച്ഛനും മകനുമൊപ്പം അഭിനയിച്ച കോട്ടയം രമേശ്
1989ൽ സുകുമാരനൊപ്പം പേരില്ലാത്ത ഒരു കഥാപാത്രത്തെയാണ് രമേശ് അവതരിപ്പിച്ചതെങ്കിലും 31 വർഷങ്ങൾക്ക് ശേഷം പൃഥിരാജ് 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രമായ അദ്ദേഹത്തിന്‍റെ വളർച്ചയെക്കുറിച്ചാണ് ഉപ്പും മുളകിന്‍റെ തിരക്കഥാകൃത്ത് അഫ്‌സൽ കരുനാഗപ്പള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്.
"ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവെച്ചപ്പോൾ രമേശേട്ടൻ പഴയ ഒരു ഓർമ പങ്കു വെച്ചു. 1989ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്‍റെ വേഷമായിരുന്നു രമേശേട്ടന്.
ഒരു പാട്ട് രംഗത്തിൽ സെക്കന്‍റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേശേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്‍റെ സ്ക്രീൻഷോട്ട് എടുത്തു. സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട്. അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേശേട്ടാ," പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും സുകുമാരനൊപ്പമുള്ള സ്ക്രീൻഷോട്ടും അഫ്‌സൽ പോസ്റ്റിനൊപ്പം പങ്കുവെക്കുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ഉപ്പും മുളകും കൂടാതെ, കാർബൺ, വാരികുഴിയിലെ കൊലപാതകം, ഉരിയാട്ട്, വൈറസ് എന്നീ സിനിമകളിലും കോട്ടയം രമേശ് ഭാഗമായിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച തിയേറ്ററിലെത്തിയ അയ്യപ്പനും കോശിയും സിനിമയിൽ പൃഥിരാജിന്‍റെ സന്തത സഹചാരിയായി നിൽക്കുന്ന കുമാരൻ എന്ന ഡ്രൈവറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോട്ടയെ രമേശിനെ സ്‌ക്രീനിൽ കണ്ട ശേഷം ശരീരഭാഷയിലും ശബ്‌ദത്തിലുമൊക്കെ അദ്ദേഹം നടൻ തിലകനെ അനുസ്‌മരിപ്പിക്കുന്നുവെന്നും തിലകന്‍റെ ബന്ധുവാണോയെന്നും തരത്തിലുള്ള സംശയങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു.