കാശ് കൊടുത്ത് തിയേറ്ററിൽ എത്തുന്ന ജനത്തിനും തന്നെ വിശ്വസിച്ച് പണം മുടക്കുന്ന നിർമാതാവിനും ഒരിക്കലും നഷ്ടം സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചയാൾ... വ്യത്യസ്‌തയാർന്ന കഥാപരിസരങ്ങളെ കൃത്യമായ പ്ലാനിങ്ങോടെ രസച്ചരട് പൊട്ടാതെ നമുക്ക് മുന്നിൽ അവതരിപ്പിച്ച പ്രേക്ഷകന്‍റെ പൾസ് അറിയുന്ന കഥ പറച്ചിലുകാരൻ.
സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി മലയാള മനസിൽ സച്ചി എന്ന പേരിന് ബ്രാൻഡ് വാല്യു സൃഷ്ടിച്ച ശേഷം പുതിയൊരു തലത്തിലേക്ക് വളരാൻ കാലെടുത്ത് വെക്കുമ്പോഴായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങല്‍... അയ്യപ്പനും കോശിയുമൊക്കെ സച്ചി ഇനി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമകളുടെ ചെറിയ ഉദാഹരണം മാത്രമായിരുന്നു. അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതി പൃഥ്വിരാജ് പറഞ്ഞത് പോലെ... 'അയാൾ ശരിക്കും തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു....' ഒരുപാട് സ്വപ്നങ്ങളും അതിലേറെ കഥകളും ബാക്കി വെച്ച് സച്ചി പോയിട്ട് ഒരു വര്‍ഷം തികയുന്നു....
പലപ്പോഴും വ്യക്തിബന്ധങ്ങൾക്ക് അധികമായി ഒരു വ്യക്തി ജനങ്ങളോട് ബന്ധം സ്ഥാപിക്കുന്നുണ്ടെങ്കിൽ അത് കൂടുതലായും നടക്കുന്നത് സിനിമാ മേഖലയിലാണ്. ഓരോ സംവിധായകന്‍റേയും എഴുത്തുക്കാരന്‍റേയും സൃഷ്ടികളിൽ പ്രതിഫലിക്കുന്നത് അയാളുടെ ജീവിതം തന്നെയാണ്. ഒരമ്മ തന്‍റെ കുഞ്ഞിനെ പത്ത് മാസം വയറ്റിൽ ചുമന്ന് നടക്കുന്ന അതേ ശ്രദ്ധയോട് കൂടി തന്നെയാണ് ഓരോ സംവിധായകനും എഴുത്തുകാരനും തന്‍റെ സിനിമ കൊണ്ടുനടക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ സച്ചി പറഞ്ഞതും കാണിച്ച് തന്നതും അയാളുടെ ജീവിതം തന്നെയാണ്. അതുകൊണ്ട് തന്നെയായിരിക്കാം ഒരു പരിചയവും ഇല്ലാഞ്ഞിട്ട് പോലും ആ വിട വാങ്ങൽ ഇപ്പോഴും ഒരു നൊമ്പരമായി ഓരോ സിനിമാ ആസ്വാദകന്‍റെയും മനസില്‍ അലയടിക്കുന്നത്.
അഭിഭാഷകനില്‍ നിന്നും തിരക്കഥാകൃത്തിലേക്ക് പിന്നീട് സംവിധാനവും
കോളജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സച്ചി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും സാധിച്ചില്ല. പിന്നീട് നിയമം പഠിച്ച് അഭിഭാഷകനായി. തുടര്‍ന്ന് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്‌തു. അക്കാലത്താണ് സേതുവിനെ പരിചയപ്പെടുന്നതും ഒരുമിച്ച് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടതും.
ചോക്ലേറ്റിന്‍റെ മധുരവുമായി വിമൻസ് കോളജിൽ പഠിക്കാൻ എത്തുന്ന ഒരു പുരുഷ വിദ്യാർത്ഥിയുടെ കഥ പറഞ്ഞ് കൂട്ടുകാരൻ സേതുവുമൊത്ത് കെ.ആര്‍ സച്ചിദാനന്ദൻ എന്ന സച്ചിയായി 2007ൽ മലയാള സിനിമയിലേക്ക് എത്തി. അതിന്‍റെ വിജയം വെറുതെയുണ്ടായതല്ലെന്ന് തൊട്ടുപിന്നാലെ വന്ന റോബിൻഹുഡ് തെളിയിച്ചതോടെ സച്ചിയും സേതുവും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി. തുടര്‍ന്ന് വന്ന മേക്കപ്പ് മാനും സീനിയേഴ്‌സും കച്ചവടത്തിലെ ഗ്രാഫുയർത്തിയെങ്കിലും ആദ്യത്തെ മമ്മൂട്ടി ചിത്രമായ ഇരുവരും തിരക്കഥയെഴുതിയ ഡബിൾസ് അത്ര നല്ല അനുഭവമായിരുന്നില്ല ഈ കൂട്ടുകെട്ടിന് സമ്മാനിച്ചത്. തുടർന്ന് 2011ല്‍ ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു.
പിന്നെ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി സച്ചി മാറിയപ്പോൾ മോഹൻലാലിന്‍റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് പിറവിയെടുത്തത്. തുടർന്ന് ചേട്ടായീസ് എന്ന ഒരു ചെറിയ ചിത്രം സാമ്പത്തിക വിജയമായതിന്‍റെ പിന്നിലും സച്ചി എന്ന എഴുത്തുകാരനായിരുന്നു. ഒപ്പം അതിന്‍റെ നിർമാതാക്കളിൽ ഒരാളുമായിരുന്നു സച്ചി. പിന്നീട് ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം 2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായത്.
ആദ്യ സിനിമയിലെ നായകൻ പൃഥ്വിരാജായിരുന്നു. ഒപ്പം ബിജു മേനോനും. ചിത്രം അനാർക്കലി. മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത ലക്ഷദ്വീപിന്‍റെ ഭംഗിയിലൂടെ ഒരു പ്രണയ കഥ പറഞ്ഞപ്പോൾ അത് ഏറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു ആസ്വാദകന്. 2017ൽ ദിലീപ് നായകനായ രാമലീലയിലൂടെയാണ് സച്ചിയുടെ പേര് വീണ്ടും കേള്‍ക്കുന്നത്. വലിയൊരു പരീക്ഷണമായിരുന്നു രാമലീലയിലൂടെ നടന്നത്. എന്നാൽ ചിത്രം എല്ലാത്തരം പ്രതിബന്ധങ്ങളെയും മറികടന്ന് വലിയ വിജയമായി. തിയേറ്ററിൽ എത്തിയവരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ തന്നെയായിരുന്നു രാമലീലയില്‍ സച്ചി എഴുതിചേര്‍ത്തത്.
തുടർന്ന് രണ്ട് വർഷത്തിന് ശേഷം ജീൻ പോൾ ലാലിന്‍റെ സംവിധാനത്തിൽ ഡ്രൈവിങ് ലൈസൻസുമായാണ് സച്ചി എന്ന എഴുത്തുകാരൻ തിരിച്ചുവന്നത്. വളരെ നിസാരമെന്ന് തോന്നിക്കുന്ന കഥാതന്തുവിനെ അങ്ങേയറ്റം പിരിമുറുക്കത്തോടെ 135 മിനിറ്റ് കൊണ്ടുപോകാൻ സച്ചിക്ക് കഴിഞ്ഞു. താരവും ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷിന്‍റെ കഥ അതുകൊണ്ട് തന്നെ 2019ലെ ഏറ്റവും വലിയ വിജയമായി. എന്നാല്‍ സച്ചിയുടെ ഏറ്റവും വലിയ വമ്പൻ വിജയം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ... അയ്യപ്പനും കോശിയും. രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോ ക്ലാഷിന്‍റെ കഥ... എന്നാൽ വ്യത്യസ്തമായ മറ്റൊരു കഥാപ്രപഞ്ചമായിരുന്നു... തന്‍റെ രണ്ടാമത്തെ സംവിധാന സംരഭത്തിനായി സച്ചി കരുതിവെച്ചിരുന്നത്. സിനിമയിലൂടെ അധികമൊന്നും കാണാത്ത അട്ടപ്പാടി അയ്യപ്പനും കോശിയിലും നിറഞ്ഞുനിന്നു.... അങ്ങേയറ്റം പിരിമുറക്കം സമ്മാനിച്ച ചിത്രം അതുകൊണ്ടുതന്നെ ബോക്സോഫീസിൽ നിന്ന് കോടികള്‍ വാരാന്‍ താമസമുണ്ടായില്ല... കഥയുടെ പുറകിൽ വെറുതെ എടുത്തു വെക്കുന്ന ദൃശ്യമല്ല സിനിമയുടെ ലൊക്കേഷൻ എന്ന് തെളിയിക്കുന്നതായിരുന്നു സച്ചിയുടെ രണ്ട് സംവിധാന സംരംഭങ്ങളും.