തിരുവനന്തപുരം: ഫുട്ബോൾ താരം വി പി സത്യന്‍റെ വേഷം അവതരിപ്പിച്ച് സംസ്ഥാന അവാർഡ് നേടിയ മലയാളത്തിന്‍റെ പ്രിയ നടന്‍ ജയസൂര്യ ഇനി അനശ്വര നടൻ സത്യന്‍റെ വേഷം അണിയും. മലയാളത്തിലെ പഴകാല സൂപ്പര്‍ താരമായിരുന്ന സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാളയം എൽ എം എസ് സെമിത്തേരിയിൽ അനശ്വര നടൻ സത്യന്‍റെ സ്മൃതി കുടീരത്തിൽ പുഷ്‌പങ്ങള്‍ അർപ്പിച്ച ശേഷമാണ് നായകൻ ജയസൂര്യയും നിർമ്മാതാവ് വിജയ് ബാബുവും ചേർന്ന് ചിത്രം പ്രഖ്യാപിച്ചത്. സത്യന്‍റെ മകനും കുടുംബവും ചടങ്ങിൽ സംബന്ധിച്ചു. സത്യന്‍റെ വേഷം അഭിനയിക്കാൻ ലഭിച്ച അവസരം ഒരേസമയം ഭാഗ്യവും വെല്ലുവിളിയുമാണെന്ന് ജയസൂര്യ പറഞ്ഞു.
അനശ്വര നടൻ സത്യനാകാന്‍ ഒരുങ്ങി ജയസൂര്യ - വിജയ് ബാബു
അനശ്വര നടന്‍ സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നടന്‍ ജയസൂര്യയാണ് ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത്.
തുടർച്ചയായ രണ്ടാമത്തെ ബയോപിക്കിലാണ് ജയസൂര്യ നായകനാകുന്നത്. സത്യനെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യനായ നടൻ എന്ന നിലക്കാണ് ജയസൂര്യയെ സമീപിച്ചതെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ പറഞ്ഞു. ആൻ അഗസ്റ്റിനാണ് ചിത്രത്തില്‍ നായിക. ബി ടി അനിൽ തിരക്കഥയൊരുക്കുന്നു.1952 ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് മാനുവൽ സത്യനേശൻ നടാർ എന്ന സത്യന്‍റെ ആദ്യ ചിത്രം. കടൽപ്പാലം, കരകാണാക്കടൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഒന്നാം സംസ്ഥാന സർക്കാരിന്‍റെ ആദ്യത്തെ മികച്ച നടനുള്ള പുരസ്കാരം സത്യന്‍റെ പേരിലാണ്.