ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സിനിമയുടെ സംവിധായകൻ സനൽ കുമാർ ശശിധരൻ കേരള മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. സംസ്ഥാനത്ത് അവയവക്കച്ചവടമാഫിയ ഉണ്ടെന്ന് അറിഞ്ഞിട്ടും നിയമപരമായ നടപടിക്രമങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്ന് സംവിധായകൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പെരുമ്പഴുതൂരിൽ ദുരൂഹമായി മരണപ്പെട്ട സന്ധ്യയുടെ കേസിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യത്തോടെ സന്ധ്യയുടെ മാതൃസഹോദര പുത്രൻ കൂടിയായ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത് എത്തിയതോടെയാണ് സംഭവം വാർത്തയാകുന്നത്. സന്ധ്യയുടെ പോസ്റ്റ് മാർട്ടം ഒന്നുകൂടി നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, റീ പോസ്റ്റ് മാർട്ടം കഴിഞ്ഞ് റിസൾട്ട് ഇതുവരെയും ലഭിച്ചില്ലെന്നും കൊവിഡ് പരിശോധനാഫലം അറിയാനുള്ളതിനാലാണ് ഫലം വൈകുന്നതെന്നുമാണ് അറിയിച്ചതെന്നും സംവിധായകൻ ഫേസ്‌ബുക്ക് പോസ്റ്റിൽ എഴുതി. 18 ദിവസം കഴിഞ്ഞിട്ടും കൊവിഡ് ഫലം വരാത്തത് എന്ത് കൊണ്ടാണ്? അവയവമാഫിയകൾ തഴച്ചു വളരാൻ സർക്കാർ ഒത്താശ ചെയ്യുന്നുവെന്നത് വ്യക്തമാക്കുന്നതാണ് സന്ധ്യയുടെ മരണം. അതിനാലാണ് അന്വേഷണത്തിൽ പുരോഗമനമില്ലാത്തതെന്ന് അദ്ദേഹം വിശദമാക്കി.
നീതിയില്ലാത്ത ഒരു സമൂഹത്തിന് എങ്ങനെ പുരോഗമിക്കാൻ കഴിയുമെന്ന് വിമർശിച്ച സംവിധായകൻ സർക്കാർ ഇനിയെന്ത് പ്രതിച്ഛായയാണ് നഷ്‌ടപ്പെടാനായി ബാക്കിവെച്ചിട്ടുള്ളതെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.