സിനിമയ്‌ക്ക് പുതിയൊരു പ്രതീക്ഷയും ഉറപ്പുമാണ് യുവനടൻ റോഷൻ മാത്യു. ആനന്ദം, കൂടെ, അടി കപ്യാരെ കൂട്ടമണി, പുതിയ നിയമം ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന് സുപരിചിതനായ റോഷൻ മലയാളസിനിമയിലെ മുഖ്യതാരങ്ങളെയും മറികടന്ന് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ റിലീസ് ചിത്രങ്ങൾ സ്വന്തമാക്കിയ നടൻ റോഷൻ മാത്യുവാണ്. ലോക്ക് ഡൗണിന് മുമ്പ് തിയേറ്ററിലെത്തിയ കപ്പേള, ഹിന്ദി ചിത്രം ചോക്‌ഡ്, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സി യു സൂൺ എന്നീ ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രം റോഷൻ മാത്യുവായിരുന്നു.
കൂടുതൽ റിലീസുകളെന്ന നേട്ടവുമായി മലയാളത്തിന്‍റെ യുവനടൻ
2020ൽ എട്ട് മാസം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റിലീസ് ചിത്രങ്ങൾ സ്വന്തമാക്കിയ നടനാണ് റോഷൻ മാത്യു. കപ്പേള, ഹിന്ദി ചിത്രം ചോക്‌ഡ്, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സി യു സൂൺ ചിത്രങ്ങളിൽ താരം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്‌ത കപ്പേള കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററിൽ നിന്ന് പിൻവലിച്ചെങ്കിലും ജൂൺ 22 മുതൽ നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് പൂർത്തിയാക്കി. ചിത്രത്തിൽ ജെസ്സിയായി അന്ന ബെൻ മുഖ്യവേഷത്തിലെത്തിയപ്പോൾ, ജെസ്സി പ്രണയത്തിലാകുന്ന വിഷ്‌ണുവെന്ന യുവാവിന്‍റെ വേഷമായിരുന്നു റോഷൻ മാത്യു അവതരിപ്പിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്‌ത, നെറ്റ്ഫ്ലിക്സ് റിലീസിനെത്തിയ ചോക്‌ഡിൽ സുശാന്ത് പിള്ളയെന്ന മുഖ്യകഥാപാത്രമായും യുവതാരം എത്തി. ജൂൺ അഞ്ചിനായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഓണത്തിന് ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസിനെത്തിയ സി യു സൂണിൽ ജിമ്മി കുര്യനെന്ന പ്രവാസി മലയാളിയെയും മികച്ച രീതിയിൽ യുവനടൻ അവതരിപ്പിച്ചു. ഫഹദ് ഫാസിൽ, ദർശന, മാലാ പാർവതി എന്നിവരും കേന്ദ്രകഥാപാത്രങ്ങളായി സി യു സൂണിന്‍റെ ഭാഗമായി. കൊവിഡ് പശ്ചാത്തലത്തിൽ മൊബൈലിൽ ചിത്രീകരിച്ച സിനിമ സംവിധാനം ചെയ്‌തത് മഹേഷ് നാരായണനായിരുന്നു. കൊവിഡും ലോക്ക് ഡൗണും പിടിമുറിക്കിയപ്പോൾ റിലീസും ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും സ്‌തംഭിച്ചു. എന്നാൽ, സാഹചര്യത്തിന്‍റെ പരിമിതികളിൽ നിന്നുകൊണ്ട് പുതിയ സിനിമകൾ പിറവി കൊള്ളുമ്പോൾ, അവയുടെ ചിത്രീകരണത്തിനും റിലീസിനും ഭാഗമാകാൻ റോഷൻ മാത്യുവിന് സാധിച്ചു.