ലൂസിഫര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നിലെ സംവിധായകനെ അടയാളപ്പെടുത്തിയ പൃഥ്വിരാജ് സുകുമാരന്‍ തന്‍റെ രണ്ടാമത്തെ സംവിധാന സംരംഭത്തെ കുറിച്ചുള്ള വിശേഷങ്ങളും ചിത്രത്തിന്‍റെ ടൈറ്റിലും കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍, മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
എമ്പുരാന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷനെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ബ്രോ ഡാഡി പൃഥ്വി പ്രഖ്യാപിച്ചത്. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പൃഥ്വി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.
ബ്രോ ഡാഡി കുടുംബ ചിത്രം
ഒരു ചെറിയ കുടുംബ ചിത്രമായിരിക്കും ബ്രോ ഡാഡി എന്നാണ് പൃഥ്വി പറഞ്ഞത്. ചെറിയ ചിത്രമാണെന്ന് പറഞ്ഞ് സിനിമയുടെ പ്രമോഷന്‍ നടത്തുന്നതും പിന്നീട് അത് മലയാളത്തില്‍ ചരിത്രം സൃഷ്ടിക്കുന്നത് മുമ്പ് ലൂസിഫര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടതാണെന്നുമാണ് ആരാധകര്‍ കമന്‍റായി കുറിക്കുന്നത്. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് ബ്രോ ഡാഡിയുടെ തിരക്കഥയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം. ദീപക് ദേവാണ് സംഗീതം. അതേസമയം നടന്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനാവുന്ന പുതിയ ചിത്രം കോള്‍ഡ് കേസ് ജൂണ്‍ 30ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യാനൊരുങ്ങുകയാണ്. പരസ്യചിത്ര സംവിധായകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ശ്രീനാഥാണ്.
Also read:'കോൾഡ് കേസ്' ട്രെയിലറെത്തി: കൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ എസിപി സത്യരാജ്
ഗിരീഷ് ഗംഗാധരനും ജോമോൻ.ടി.ജോണുമാണ് ഛായാഗ്രഹകർ. സത്യം, മുംബൈ പൊലീസ്, കാക്കി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്ന കോൾഡ് കേസിൽ അരുവി ഫെയിം അതിഥി ബാലനാണ് നായിക. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവരാണ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്‍റെ നിർമാതാക്കൾ.