കൊച്ചി: മോഹൻലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ കുടുംബ പരമ്പരയിലുള്ള കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശി മുഫീദ അറഫാത്ത് മരയ്ക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ഞാലി മരയ്ക്കാരുടെ യഥാർഥ ജീവിതം സിനിമയില്‍ വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.
'മരക്കാർ' ചിത്രത്തിന്‍റെ റിലീസ് തടയാൻ ഹൈക്കോടതിയിൽ ഹർജി - മരയ്ക്കാര്‍ ഹർജി
'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രം മരയ്‌ക്കാരുടെ യഥാർഥ ജീവിതം വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മരയ്ക്കാരുടെ കുടുംബ പരമ്പരയിലുള്ള മുഫീദ അറഫാത്ത് മരയ്ക്കാര്‍ ഹൈക്കോടതിയിൽ ഹർജി നൽകിയത്
മരക്കാർ ചിത്രം ഇവരുടെ കുടുംബത്തെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ഉള്ളതാണെന്ന ആരോപണവും ഹർജിയില്‍ പറയുന്നു. ചിത്രം പുറത്തിറങ്ങിയാല്‍ കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് കൂടുതല്‍ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ പ്രചരിക്കാൻ ഇടയാകുമെന്നാണ് മുഫീദയുടെ മറ്റൊരു വാദം. 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തിന്‍റെ റിലീസ് അടുത്തമാസം 26നാണ്. മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ ചിത്രം വളരെ പ്രത്യേകതയുള്ളതാണെന്ന് മോഹന്‍ലാല്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. കൂടാതെ, പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.