ന്യൂഡൽഹി: മികച്ച നെറ്റ്‌വർക്ക്, ഡിജിറ്റൽ കണക്ഷൻ, സ്മാർട്ട് ഫോണുകൾ എന്നിവയുടെ ഉപയോഗവും സാധ്യതയും വർധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലെ വീഡിയോ ഒടിടി വിപണിയുടെ വരുമാനം 2030 ഓടെ 12.5 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഎസ്എ ഉപദേശകരുടെ റിപ്പോർട്ട്.
1.5 ബില്യൺ യുഎസ് ഡോളർ ആണ് 2021ലെ ഇന്ത്യയിലെ ഒടിടി വിപണിയുടെ വരുമാനം. ഒടിടി വിപണികളുടെ വളർച്ചയുടെ അടുത്ത ഘട്ടം ടയർ II, III, IV നഗരങ്ങളിൽ നിന്നും ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജനങ്ങളിൽ നിന്നുമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഒടിടി വരിക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയ്ക്കാണ് രാജ്യത്തെ ഒടിടി പ്രേക്ഷകർക്കിടയിൽ കൂടുതൽ മുൻതൂക്കം.
സോണിലൈവ്, വൂട്ട്, സീ5, ഇറോസ്നൗ, എഎൽടി ബാലാജി, ഹോയ്ചോയ്, അഡാ ടൈംസ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളും രാജ്യത്തെ വിപണിയിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഗാന, സാവ്ൻ, വിങ്ക് മ്യൂസിക്, സ്പോട്ടിഫൈ എന്നീ ഓഡിയോ ഒടിടികളുടെ പങ്കാളിത്തം ഓഡിയോ ഒടിടി വിപണിയുടെ വരുമാനം വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ 0.6 ബില്യൺ ഡോളറിൽ നിന്നും 2030ഓടെ 2.5 ബില്യൺ ഡോളർ വർധിക്കുമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.
Also Read: സ്ഫോടക വസ്തുക്കൾക്കിടയിലൂടെ ഓടുന്ന ഫഹദ് ഫാസിൽ; മാലിക് ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്
കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ആണ് രാജ്യത്തെ ഒടിടി വിപണിയുടെ ഗതി മാറ്റിയതെന്നും ഒടിടി പ്ലാറ്റ്ഫോമുകൾ വൻപ്രചാരം നേടാൻ സാഹചര്യമൊരുക്കിയതെന്നും റിപ്പോർട്ട് പറയുന്നു. അടുത്ത 45 വർഷങ്ങൾക്കുള്ളിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കിടയിലെ മത്സരം വർധിക്കുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.