92-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ദക്ഷിണകൊറിയൻ ചിത്രം പാരസൈറ്റ് ഓസ്കർ ചരിത്രത്തിലേക്ക്. ആദ്യമായാണ് ഒരു കൊറിയൻ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടുന്നത്. അതിനുമപ്പുറം ആദ്യമായാണ് ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം ഓസ്കർ പുരസ്കാരം സ്വന്തമാക്കുന്നത്. ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഓസ്കാര്‍ പുരസ്‌കാരം സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിനാണ് പുരസ്‌കാരം. ജൂഡിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഓസ്കാര്‍ റെനീ സെൽവെഗർ നേടി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കിയിരുന്നു. മികച്ച തിരക്കഥക്കുള്ള ഓസ്കറും പാരസൈറ്റിനാണ്. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്‍റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റിന്‍റെ തിരക്കഥയിലൂടെ തൈക വൈറ്റിറ്റി നേടി. മികച്ച ആനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്റ്റോറി 4 ആണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് അദ്ദേഹം പുരസ്‌കാരം കരസ്ഥമാക്കിയത്.