സൈബർ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ പ്രശംസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. മറ്റ് സൂപ്പർതാരങ്ങൾ നിശബ്ദത പാലിച്ചപ്പോൾ സുരേഷ് ഗോപി സൈബർ വിഷയത്തിൽ പ്രതികരണമറിയിച്ചത് അദ്ദേഹത്തിന്‍റെ മനുഷ്യത്വം വെളിവാക്കുന്നുണ്ട്. അധികനാൾ സുരേഷ് ഗോപി ബിജെപിയിൽ തുടരില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും എൻ.എസ് മാധവൻ പറഞ്ഞു.
സിനിമാമേഖലയിൽ നിന്നും നിരവധി പേര്‍ പൃഥ്വിരാജിന് പിന്തുണയുമായി എത്തിയപ്പോഴും സൂപ്പർതാരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കാതിരുന്നത് സമൂഹമാധ്യമങ്ങളിലും വ്യാപകവിമർശനങ്ങളായി ഉയർന്നിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിൽ വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുതെന്നും മാന്യമായ ഭാഷയിലായിരിക്കണം യോജിപ്പുകളും വിയോജിപ്പുകളും അറിയിക്കേണ്ടതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ലക്ഷദ്വീപ് വിഷയത്തിലെ തന്‍റെ അഭിപ്രായം പങ്കുവച്ചില്ലെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെയാണ് താനെന്നാണ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പ്രതികരിച്ചത്.
More Read: പ്രതികരണം മാന്യമായിരിക്കണം; പൃഥ്വിരാജിനെ പരോക്ഷമായി പിന്തുണച്ച് സുരേഷ് ഗോപി
"അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തിനപ്പുറത്ത് എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നല്ലതാണ്. അദ്ദേഹത്തിന്‍റെ മനുഷ്യത്വം തിളക്കമുള്ളതാണ്. നോക്കൂ, അദ്ദേഹത്തിന്‍റെ പാര്‍ട്ടി കൂടിയായ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിനെതിരെ പൃഥ്വിരാജിനെ പിന്തുണച്ച് മറ്റൊരു സൂപ്പര്‍താരവും എത്തിയിരുന്നില്ല. ഇത്രയും വിഷമുള്ള സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല", എന്‍.എസ് മാധവന്‍ ട്വിറ്ററിൽ പറഞ്ഞു.