കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആളുകൾ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ഇന്‍റർനെറ്റിന്‍റെ ഉപയോഗവും ക്രമാതീതമായി വർധിക്കുകയാണ്. കൂടുതൽ പേർ ഇന്‍റർനെറ്റ് ഉപയോഗിക്കുമ്പോൾ അതിന്‍റെ ലഭ്യതയും വേഗതയും പരിമിതമാകാനും സാധ്യതയുണ്ട്. ഇതിന് പ്രതിവിധിയായി യൂറോപ്പിൽ നവമാധ്യമങ്ങളായ നെറ്റ്ഫ്ലിക്‌സ്, യുട്യൂബ്, ആമസോണ്‍ പ്രൈം എന്നിവ വീഡിയോകളുടെ ദൃശ്യനിലവാരത്തിൽ കുറവ് വരുത്തുകയാണ്.
വീട്ടിലിരിക്കാം, തമ്മിൽ ബന്ധിച്ചുകൊണ്ടു തന്നെ: ദൃശ്യനിലവാരം കുറച്ച് നെറ്റ്ഫ്ലിക്സും യുട്യൂബും ആമസോണ്‍ പ്രൈമും
കൊവിഡ് 19 പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിന്‍റെ ഉപയോഗം വർധിക്കുന്നതിനാൽ തിരക്ക് ഒഴിവാക്കാനാണ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്‌സ്, യുട്യൂബ്, ആമസോണ്‍ പ്രൈം എന്നീ നവമാധ്യമങ്ങളുടെ ദൃശ്യനിലവാരം കുറച്ചത്.
നിലവിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഭാവിയിൽ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് യൂട്യൂബ് ഇതിനായി തീരുമാനമെടുത്തിരിക്കുന്നത്. തടസമുണ്ടാകാതെ കുറഞ്ഞ ഡേറ്റയിൽ നെറ്റ്ഫ്ലിക്സും യുട്യൂബും ആമസോണ്‍ പ്രൈമും ഒക്കെ ഉപയോഗിക്കാം എന്നതാണ് നേട്ടം. ഇതുവഴി, കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ തങ്ങളുടെ സേവനം കൂടി ഉറപ്പുവരുത്തുകയാണ് നവമാധ്യമങ്ങൾ. "വീട്ടിലിരുന്ന് പ്രതിരോധിക്കാം, എന്നാൽ പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ട് തന്നെ," എന്ന ആശയവും ഇവർ പങ്കുവെക്കുന്നു.