കഴിഞ്ഞ ദിവസമാണ് നടന്‍ വിഷ്ണു വിശാലിനെ താരം ഇപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റിലെ അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്‍കിയത്. ദിനവും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചെത്തി താരം മറ്റ് ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് കാണിച്ചായിരുന്നു റസിഡന്‍റ്സ് അസോസിയേഷന്‍ പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ ആവശ്യപ്രകാരം സ്ഥലത്ത് പൊലീസ് എത്തി വിഷ്ണുവിനോട് സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ സിസിടിവി വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ തനിക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍. രണ്ട് പക്ഷങ്ങളും കേള്‍ക്കാതെ ഏത് ആരോപണത്തിലും ഒരു നിഗമനത്തിലെത്തരുതെന്ന് താരം സോഷ്യല്‍മീഡിയ വഴി നല്‍കിയ വിശദീകരണത്തിലൂടെ പറയുന്നു.
വിഷ്ണു വിശാലിനെതിരായ അയല്‍വാസികളുടെ പരാതി, വിശദീകരണവുമായി നടന്‍ രംഗത്ത് - വിഷ്മു വിശാല്‍ വാര്‍ത്തകള്‍
വിഷയത്തില്‍ തനിക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഷ്ണു വിശാല്‍ രംഗത്തെത്തിയത്. രണ്ട് പക്ഷങ്ങളും കേള്‍ക്കാതെ ഏത് ആരോപണത്തിലും ഒരു നിഗമനത്തിലെത്തരുതെന്നും താരം സോഷ്യല്‍മീഡിയ വഴി നല്‍കിയ വിശദീകരണത്തിലൂടെ പറഞ്ഞു
'ഷൂട്ടിങ് സ്ഥലത്ത് ദിവസേന 300 പേരോളം ഉണ്ടാകും. വീട്ടിലുള്ള മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് ഈ അപാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്തത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എഫ്ഐആര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടി ആയതിനാല്‍ നിരവധി കൂടിക്കാഴ്ചകളിലും പങ്കെടുക്കേണ്ടിയിരുന്നു. അവരുടെ പരാതിയില്‍ പറയുന്ന ദിവസം ഞങ്ങളുടെ ഛായാഗ്രാഹകന്‍റെ പിറന്നാള്‍ ദിനമായിരുന്നു. എന്നെ കാണാനെത്തിയ എന്‍റെ സ്റ്റാഫിനോടും അതിഥികളോടും അവരന്ന് നേരത്തേ മോശമായി പെരുമാറിയിരുന്നു. പിറന്നാളിന്‍റെ ഭാഗമായി ഒരു ചെറിയ ആഘോഷം എന്‍റെ അപാര്‍ട്ട്മെന്‍റില്‍ ഒരുക്കിയിരുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളായതിനാല്‍ ഞാനിപ്പോള്‍ മദ്യം ഉപയോഗിക്കാറില്ല. പക്ഷേ അതിഥികള്‍ക്കായി മദ്യം വിളമ്പിയിരുന്നു. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. പക്ഷേ ഞങ്ങളുടെ സ്വകാര്യത അവിടെ ലംഘിക്കപ്പെട്ടു. പൊലീസ് എത്തിയപ്പോള്‍ വളരെ മദ്യാദയോടെ കാര്യം പറഞ്ഞു മനസിലാക്കി. മറുപടിയൊന്നും ഇല്ലാതിരുന്ന അപാര്‍ട്ട്മെന്‍റ് ഉടമ ഞങ്ങളോട് മോശം ഭാഷയിലാണ് സംസാരിച്ചത്. ഏതൊരു മനുഷ്യനെയും പോലെ എനിക്ക് പ്രതികരിക്കേണ്ടിവന്നു. ചില മോശം വാക്കുകള്‍ ഉപയോഗിക്കേണ്ടിവന്നു. ഞങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പൊലീസുകാര്‍ മടങ്ങി... സാധാരണ ഒരു ആരോപണത്തിനും ഇത്രയും വിശദീകരണം നല്‍കാന്‍ നില്‍ക്കാത്തതാണ്. പക്ഷെ കുടിയനെന്നും കൂത്താടിയെന്നുമൊക്കെ വിളിച്ച് അപമാനിക്കുന്നത് ഒരു നടനെന്ന നിലയിലും ചലച്ചിത്ര മേഖലയ്ക്ക് ആകെയും മോശമാണ് എന്നതിനാലാണ് ഈ പ്രതികരണം. സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ഇവിടെ നിന്ന് മാറാനിരിക്കുകയാണെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് ചിലവാക്കാന്‍ സമയമില്ലെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.