എറണാകുളം: സംവിധായകൻ മണിരത്നം നിർമിക്കുന്ന 'നവരസ' റിലീസിനെത്തുന്നത് നെറ്റ്ഫ്ലിക്‌സിൽ. ഒമ്പത് ഹ്രസ്വചിത്രങ്ങളെ ഉൾപ്പെടുത്തി മണിരത്‌നമൊരുക്കുന്ന ആന്തോളജി ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ലെറ്റ്സ് ഒടിടി ഗ്ലോബൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മണിരത്നത്തിന്‍റെ മദ്രാസ് ടാക്കിസും ആമസോൺ പ്രൈമും തമ്മിലുള്ള കരാറിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ഇതേ തുടർന്ന് നവരസ നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യുമെന്നുമാണ് സൂചനകൾ.
'നവരസ' ആമസോണിലല്ല, നെറ്റ്ഫ്ലിക്‌സിൽ
ഒമ്പത് ഹ്രസ്വചിത്രങ്ങളെ ഉൾപ്പെടുത്തി മണിരത്‌നം നിർമിക്കുന്ന ആന്തോളജി ചിത്രം 'നവരസ'യുടെ സംവിധായകർ ഗൗതം മേനോൻ, ബിജോയ് നമ്പ്യാർ, കാർത്തിക് നരേൻ, കെ.വി ആനന്ദ്, അരവിന്ദ് സ്വാമി, സിദ്ധാർത്ഥ് എന്നിവരാണ്
ഗൗതം മേനോൻ, ബിജോയ് നമ്പ്യാർ, കാർത്തിക് നരേൻ, കെ.വി ആനന്ദ് എന്നീ സംവിധായകർക്ക് പുറമെ നടന്മാരായ അരവിന്ദ് സ്വാമിയും സിദ്ധാർത്ഥും നവാഗത സംവിധായകരായി 'നവരസ' യുടെ ഭാഗമാകുന്നുണ്ട്. എന്നാൽ, മണിരത്നം നിർമാതാവിന് പുറമെ ആന്തോളജിയുടെ സംവിധായകനായും പ്രവർത്തിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമല്ല. നവരസയുടെ ഓരോ എപ്പിസോഡുകൾ സംവിധാനം ചെയ്യാൻ സൂരറൈ പോട്രിന്‍റെ സംവിധായിക സുധാ കൊങ്ങരയും സംവിധായകൻ പൊൻറാമും പങ്കുചേരുമെന്നും വാർത്തകളുണ്ട്. ആന്തോളജിയുടെ വരുമാനത്തിന്‍റെ ഒരു ഭാഗം കൊവിഡിൽ മാസങ്ങളായി ജോലിയില്ലാതെ പ്രതിസന്ധിയിലായ തമിഴ് സിനിമാരംഗത്തെ തൊഴിലാളികൾക്ക് നൽകും. നവരസയുടെ രണ്ട് എപ്പിസോഡുകളിൽ അഭിനേതാക്കളായി നടൻ സൂര്യയും ഫഹദ് ഫാസിലും എത്താൻ സാധ്യതയുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, പാർവതി, വിജയ് സേതുപതി തുടങ്ങിയവരും ഓരോരോ എപ്പിസോഡുകളിലൂടെ അന്തോളജിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.