സംഗീതമാന്ത്രികൻ ഇളയരാജയുടെ 77-ാം ജന്മദിനം. ഭാഷകളുടെ അതിർവരമ്പുകൾ കടന്ന്, കാലത്തിനതീതമായി സഞ്ചരിക്കുന്ന 4000ത്തിലധികം ഗാനങ്ങളാണ് ഇളയരാജ എന്ന ഇതിഹാസ കലാകാരൻ സമ്മാനിച്ചത്. ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി സമുന്വയിപ്പിച്ച് സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി വിസ്‌മയിപ്പിച്ച ഇളയരാജയെ 'ഇസൈജ്ഞാനി' എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴിന് പുറമെ, വിവിധ ഭാഷകളിലായി 800ൽ കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. പാശ്ചാത്യ സംഗീതത്തിൽ കേട്ടുവരുന്ന സിംഫണി ഗാനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച ഇളയരാജ തെന്നിന്ത്യയിലെ പ്രമുഖ സംഗീത സംവിധായകൻ മാത്രമല്ല, മറിച്ച് വരികൾ സ്വയം ചിട്ടപ്പെടുത്തിയും ഗാനങ്ങൾക്ക് തന്‍റെ ശബ്‌ദം പകർന്നും നിരവധി ഹിറ്റുകളും സമ്മാനിച്ചിട്ടുണ്ട്.
'ഇസൈജ്ഞാനി' ഇളയരാജക്ക് ഇന്ന് 77-ാം ജന്മദിനം - maestro
ഗ്രാമീണസംഗീതത്തെ പാശ്ചാത്യസംഗീതവുമായി സമന്വയിപ്പിച്ച് തന്‍റേതായ ശൈലി സ്ഥാപിച്ച ഇളയരാജ സംഗീതലോകത്തിന്‍റെ കുലപതിയാണ്
1943 ജൂൺ രണ്ടിന് തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ചു. ജ്ഞാനദേശികൻ എന്നാണ് അദ്ദേഹത്തിന്‍റെ യഥാർത്ഥ നാമം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അദ്ദേഹത്തിന്‍റെ പേര് രാജയ്യ എന്നു മാറ്റിയിരുന്നു. ഇളയരാജയുടെ ആദ്യ സിനിമയുടെ നിർമാതാവായ പഞ്ചു അരുണാചലമാണ് രാജക്കൊപ്പം ഇളയ എന്നുകൂടി ചേർത്ത് ഇളയരാജ പേരാക്കി മാറ്റിയത്. ഇളയരാജ തന്‍റെ പതിനാലാം വയസ് മുതൽ സഹോദരൻ പാവലർ വരദരാജൻ നയിച്ചിരുന്ന സംഗീതസംഘത്തിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങി. തുടർന്ന്, ഒരു ദശാബ്‌ദ കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചു. വിലാപകാവ്യത്തിലൂടെ തന്‍റെ ആദ്യത്തെ ഈണം ഈ കാലഘട്ടത്തിൽ ഇളയരാജ ചിട്ടപ്പെടുത്തി. പ്രശസ്‌ത കവി കണ്ണദാസനായിരുന്നു വിലാപകാവ്യത്തിന്‍റെ രചയിതാവ്. ഇത് ഇന്ത്യയുടെ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന് സമർപ്പിച്ചു. പിന്നീട്, ധൻരാജിന് കീഴിൽ സംഗീതം അഭ്യസിച്ചതോടെ പാശ്ചാത്യസംഗീതത്തിലെ പുതിയ രീതികളെ കുറിച്ച് മനസിലാക്കി. 1970കളിൽ സലിൽ ചൗധരിയുൾപ്പടെയുള്ള പ്രമുഖ സംഗീത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റെക്കോഡിംഗ് സ്റ്റുഡിയോകളിൽ ഗിത്താറിസ്റ്റായും ഹാർമോണിസ്റ്റായുമൊക്കെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ. ജി.കെ.വെങ്കിടേഷ് എന്ന കന്നട സംഗീത സംവിധായകന്‍റെ 200ഓളം ചിത്രങ്ങളിൽ ഇളയരാജ സഹായിയായിരുന്നു.
1976ലെ അന്നക്കിളി എന്ന ചിത്രത്തിലൂടെ ഇളയരാജ ആദ്യ സംഗീത സംവിധാനം കുറിച്ചു. പാശ്ചാത്യശൈലിയിൽ ഗ്രാമീണ സംഗീതത്തിന്‍റെ ഈണം പരിചയപ്പെടുത്തിയതോടെ ഇളയരാജ സംഗീതലോകത്തിന്‍റെ ഹൃദ്യസ്ഥനായി മാറി. കണ്ണദാസൻ, വാലി, വൈരമുത്തു, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖരോടൊപ്പം ചേർന്ന് ഒട്ടനവധി ജനപ്രിയഗാനങ്ങളും അദ്ദേഹം ഒരുക്കി. ഭൂമിയിലെ ഓരോ അംശത്തിലും സംഗീതം കണ്ടെത്തിയ കലാകാരനെ പിന്നീട് ഭാരതിരാജ, കെ.ബാലചന്ദർ, മണിരത്നം, സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ,ബാലു മഹേന്ദ്ര, വംശി, തുടങ്ങിയ പ്രമുഖ സംവിധായകരും നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി ഭാഷകളിലും പഴശ്ശിരാജ പോലുള്ള മലയാളം ചിത്രങ്ങളിലൂടെയും ഇളയരാജയുടെ ഈണങ്ങൾ സിനിമാലോകത്തിന് കുളിർമ പകർന്നു. സിനിമാ ഗാനങ്ങൾക്ക് പുറമെ, ഏതാനും ആൽബങ്ങളും ഭക്തിഗാനങ്ങളും ഇസൈജ്ഞാനി ഒരുക്കിയിട്ടുണ്ട്. സംഗീതലോകത്തെ സമഗ്രസംഭാവനകൾക്കായ് രാജ്യം കടന്നുള്ള അംഗീകാരങ്ങൾക്കും അദ്ദേഹം അർഹനായി. മൂന്നു ദേശീയ പുരസ്‌കാരങ്ങളും പല തവണയായി സംസ്ഥാന അവാർഡുകളും ഈ സംഗീതജ്ഞൻ കരസ്ഥമാക്കി. സംഗീത കുലപതി ഇളയരാജക്ക് നിരവധി പ്രമുഖർ പിറന്നാൾ ആശംസകൾ അറിയിച്ചു.