തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിത്താര(65) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
1987ലിറങ്ങിയ ‘തീക്കാറ്റ്’ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി തുടക്കം കുറിച്ചത്. 'ഒരുകോടിസ്വപ്നങ്ങളാൽ തീർത്തൊരഴകിന്‍റെ മണിമഞ്ചലിൽ' എന്ന തീക്കാറ്റിന് വേണ്ടിയൊരുക്കിയ ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.
ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ എന്നിവ മുരളി സിത്താരയുടെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.
സിനിമയിൽ നിന്നും ആകാശവാണിയിലേക്ക്
1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ചേർന്നു. ഇതോടെ സിനിമയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇവിടെ സീനിയർ മ്യൂസിക് കമ്പോസർ ആയി പ്രവർത്തിച്ചു. ആകാശവാണിയിൽ വച്ച് പതിനായിരത്തിലധികം പാട്ടുകൾ മുരളി സിത്താര ഒരുക്കിയിട്ടുണ്ട്.
ലളിതഗാനം, ഉദയഗീതം തുടങ്ങി നിരവധി പരിപാടികൾക്ക് പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ, കെ.ജയകുമാറിന്‍റെ കളഭമഴയിൽ ഉയിരുമുടലും, ശരത് വയലാറിന്‍റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയ ലളിതഗാനങ്ങൾക്ക് ഈണം പകർന്നു.
Also Read: സുശാന്തിന്‍റെ വേഷം ഷഹീറിന് ; പവിത്ര റിഷ്‌തയുടെ രണ്ടാം സീസണിന്‍റെ ഷൂട്ട് തുടങ്ങി
തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പരിശോധനക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. സംഭവത്തിർ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.
ശോഭനകുമാരിയാണ് ഭാര്യ. മക്കൾ: മിഥുൻ മുരളി (കീബോർഡ് പ്രോഗ്രാമർ ), വിപിൻ. മരുമകൾ നീതു.