ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രം കോപ്പിയടിയാണെന്നും ചിത്രത്തിന് നല്‍കിയ അവാര്‍ഡുകള്‍ തിരിച്ചെടുക്കണമെന്നും ആവശ്യം. സിനിമയ്ക്ക് നൽകിയ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഐഎഫ്എഫ്കെ ഗ്രാന്‍റും, ഫിപ്രസി പുരസ്‌കാരവും അടക്കം തിരിച്ച് എടുക്കണമെന്നുമാണ് മൂവ്‌മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ(എംഐസി)യുടെ ആവശ്യം. ഇത് ഉന്നയിച്ച് എംഐസി സിനിമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പരാതി നല്‍കി.
സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും മുഖ്യതാരങ്ങളായ ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25, 2019 നവംബറിലാണ് റിലീസിനെത്തിയത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകൻ.
സിനിമയ്‌ക്ക് അംഗീകാരങ്ങള്‍ ലഭിച്ചതിന് പുറമെ, തമിഴിലേക്ക് റീമേക്ക് ചെയ്യാനുമൊരുങ്ങുകയാണ്. ശബരി- ശരവണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഗൂഗിൾ കുട്ടപ്പൻ എന്ന പേരിലാണ് ഒരുക്കുന്നത്.
കെ.പി ശ്രീകൃഷ്‌ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'ബഹുമാനപ്പെട്ട കേരള സംസ്ഥാന സിനിമ സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ മുൻപാകെ, മൂവ്മെന്‍റ് ഫോർ ഇൻഡിപെൻഡന്‍റ് സിനിമ (എംഐസി) സമർപ്പിക്കുന്ന പരാതി.
2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡും (മികച്ച നവാഗത സംവിധായകൻ, നടൻ, മികച്ച കലാസംവിധായകൻ) 25-ാമത് ഐഎഫ്‌എഫ്കെയിൽ രാജ്യാന്തര ചലച്ചിത്ര നിരൂപകരുടെ സംഘം തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും നേടിയ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' എന്ന മലയാള സിനിമ മോഷണമാണ് എന്ന ആരോപണം അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.
ക്രിസ്റ്റഫർ ഫോർഡിന്‍റെ തിരക്കഥയിൽ ജേക്ക് ഷ്രയർ സംവിധാനം ചെയ്‌ത് 2012ൽ പുറത്തിറങ്ങിയ 'റോബോട്ട് ആന്‍റ് ഫ്രാങ്ക്' എന്ന അമേരിക്കൻ ചിത്രത്തിന്‍റെ ആശയവും സീനുകളും അതേപടി പകർത്തിയാണ് 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' ചെയ്‌തെന്നാണ് ആരോപിക്കപ്പെടുന്നത്.
രണ്ട് സിനിമകളും കണ്ടിട്ടുള്ള പ്രേക്ഷകർ ഈ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുകയും സിനിമകളുടെ സാദൃശ്യം വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
More Read:പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍
സ്വതന്ത്ര സിനിമ പ്രവർത്തകരുടെ സംഘടനയായ എംഐസി രൂപീകൃതമായ അന്നുമുതൽ ആർജവമായ സിനിമാനിർമാണത്തിനും പക്ഷപാതരഹിതവും നീതിപൂർവവുമായ ചലച്ചിത്രഅവാർഡിനും ഫെസ്റ്റിവലിനും വേണ്ടി ശക്തമായി പ്രവർത്തിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' എന്ന സിനിമയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന ഈ ആരോപണം മൂവ്മെന്‍റ് ഫോർ ഇൻഡിപെൻഡന്‍റ് സിനിമ (മൈക്ക്) ഗൗരവത്തോടെയാണ് കാണുന്നത്.
കാരണം, സംസ്ഥാന ചലച്ചിത്ര അവാർഡും ഫിപ്രസി അവാർഡും നേടിയതും ദേശീയ-അന്തർദേശീയ സിനിമ പ്രേക്ഷകർ പങ്കെടുക്കുന്ന ഐഎഫ്എഫ്കെ പോലെയുള്ള ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്‌ത സിനിമയ്‌ക്കെതിരെയാണ് ഈ പരാതി.
സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെയും ഐഎഫ്എഫ്കെയുടെയും സംഘാടന ചുമതലയുള്ള കേരള ചലച്ചിത്ര അക്കാദമിക്ക് ഈ പ്രശ്‌നത്തിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.