മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലെന്നായ മോഹന്‍ലാലിന്‍റെ 61-ാം ജന്മദിനം ആഘോഷിക്കുകയാണ് സിനിമാലോകം. സോഷ്യല്‍ മീഡിയയിലൂടെ ആശംസാ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. മോളിവുഡിലെ പ്രിയ താരങ്ങളെല്ലാം ഇതിനകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിനു പപ്പു, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, അനു സിത്താര, സ്വാസിക, ഗിന്നസ് പക്രു, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ലാലിന് പിറന്നാള്‍ ആശംസകളുമായി എത്തി.
ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഹരികൃഷ്ണന്‍സ് സിനിമയുടെ സെറ്റില്‍ നിന്നും മോഹന്‍ലാലിനൊപ്പം പകര്‍ത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ മമ്മൂട്ടി കുറിച്ചത്. 'പ്രിയപ്പെട്ട ലാലേട്ടാ ജന്മദിനാശംസകൾ... ആയുരാരോഗ്യസൗഖ്യം നേരുന്നു.... വിസ്മയങ്ങൾ ഇങ്ങനെ തുടരട്ടെ... ഈ ഫോട്ടോ ഒരു അഭിമാന നിമിഷത്തിൽ എടുത്തതാണ്... 2019ൽ പത്മ പുരസ്കാരദാന ചടങ്ങിൽ.... രാഷ്ട്രപതി ഭവനിൽ... അന്ന്, അച്ഛന് പത്മശ്രീയും ലാലേട്ടന് പത്മഭൂഷണും ഒരേ ദിവസമായിരുന്നു... ഞങ്ങൾ കുടുംബങ്ങൾ കണ്ടു...സന്തോഷം പങ്കിട്ടു.. മറക്കാനാവാത്ത ഒരു അമൂല്യ നിമിഷം' മോഹന്‍ലാലിനും സുചിത്രയ്‌ക്കുമൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ച് മനോജ്.കെ.ജയന്‍ കുറിച്ചു. 'ഒരു നടൻ എന്ന നിലയിൽ ഇനി എന്താണ് മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തിൽ പുതിയൊരു ഭാവവുമായി വന്ന് ഈ നടൻ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്....' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ഷാജി കൈലാസ് പിറന്നാള്‍ ആശംസിച്ചത്.