എന്നെ കൊല്ലാതിരിക്കാന്‍ പറ്റുവോ... (ചിത്രം)
'ചിത്രം' സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും... കാരണം അത്ര മാത്രം മനോഹരമായ കോമഡി സീനുകളാലും സെന്‍റി സീനുകളാലും സമ്പന്നമായിരുന്നു 'ചിത്രം'... അവയില്‍ മലയാളി നിത്യ ജീവിതത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഡയലോഗാണ് മോഹന്‍ലാലിന്‍റെ നായക കഥാപാത്രമായ വിഷ്ണു ജയിൽ സൂപ്രണ്ടിനോട് 'സർ, ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു, അത് കൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ' എന്ന് ചോദിക്കുന്ന രംഗം... ഓവർ ആക്റ്റിങ്ങിലേക്ക് വഴുതി പോകാൻ സാധ്യതയുള്ള രംഗമായിട്ട് കൂടി എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര നാച്ചുറലായിട്ടാണ് മോഹൻലാൽ ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്...കൂടെ പശ്ചാത്തലത്തിൽ വരുന്ന ഹമ്മിങ് ഈ രംഗങ്ങളുടെ തീവ്രത പ്രേക്ഷകരുടെ മനസിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നതിന് സഹായിച്ചു...
നീ പോ മോനെ ദിനേശാ... (നരസിംഹം)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നരസിംഹം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഏറെ പ്രശസ്തമായ ഡയലോഗാണ് നീ പോ മോനെ ദിനേശാ.... സിനിമയിറങ്ങിയ അന്ന് മുതല്‍ ഇന്നുവരെയും ആ ഡയലോഗ് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്ദുചൂഢന്‍ എന്ന കഥാപാത്രമായി ആദ്യാവസാനം വരെ സ്ക്രീന്‍ തകര്‍ത്താടുകയായിരുന്നു നരസിംഹത്തില്‍ മോഹന്‍ലാല്‍.
പോരുന്നോ എന്‍റെ കൂടെ....?(തേന്മാവിന്‍ കൊമ്പത്ത്)
കാര്‍ത്തുമ്പിയേയും മാണിക്യനെയും ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടാകില്ല.... ദിക്കറിയാതെ ദിശയറിയാതെ കാട്ടുവഴിയിലൂടെ പ്രാണനും കൊണ്ട് ഓടുന്ന കാര്‍ത്തുമ്പിയും മാണിക്യനും... ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കാട്ടിലൂടെയുള്ള സാഹസീക യാത്രയ്‌ക്ക് ശേഷം പിരിയാന്‍ ഒരുങ്ങുമ്പോള്‍ എവിടെയോ ഒളിപ്പിച്ച് വെച്ച കാര്‍ത്തുമ്പിയോടുള്ള പ്രണയം മാണിക്യന്‍ പറയുന്നത് 'പോരുന്നോ എന്‍റെ കൂടെ' എന്ന ചോദ്യത്തിലൂടെയാണ്. പ്രിയദര്‍ശനായിരുന്നു തേന്മാവിന്‍ കൊമ്പത്ത് സംവിധാനം ചെയ്‌തത്.
ലേലു അല്ലു.... ലേലു അല്ലു... അഴിച്ചുവിട്...! (തേന്മാവിന്‍ കൊമ്പത്ത്)
തേന്മാവിന്‍ കൊമ്പത്തിലെ ലേലു അല്ലു.... ലേലു അല്ലു... അഴിച്ചുവിട്... എന്ന ഡയലോഗും മലയാളി നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ്. ഭാഷയറിയാത്ത നാട്ടില്‍പ്പെട്ടുപോകുകയും ചെയ്യുന്നതെല്ലാം അബദ്ധമാവുകയും ചെയ്യുമ്പോള്‍ ആ നാട്ടുകാര്‍ ചേര്‍ന്ന് മാണിക്യനെ മരത്തില്‍ കെട്ടിയിടുന്നു. അവിടെ നിന്നും രക്ഷപെടാന്‍ 'ക്ഷമിക്കണം' എന്നതിനുള്ള ആ നാട്ടുകാരുടെ പ്രയോഗമാണ് ലേലു അല്ലു.... ലേലു അല്ലു... ശോഭനയുടെ കാര്‍ത്തുമ്പി എന്ന കഥാപാത്രമാണ് ഈ ഡയലോഗ് മോഹന്‍ലാലിന്‍റെ മാണിക്യന് പറഞ്ഞുകൊടുക്കുന്നത്. വളരെ രസകരമായ ആ രംഗം ഇപ്പോള്‍ കണ്ടാലും ആരും അറിയാതെ ചിരിച്ച് പോകും.
ഉപദേശം കൊള്ളാം വര്‍മ സാറേ... പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്... തന്‍റെ തന്തയല്ല എന്‍റെ തന്ത....(ലൂസിഫര്‍)
മോഹൻലാൽ നായകവേഷത്തിലെത്തി തിയേറ്ററുകൾ ഇളകി മറിച്ച ചിത്രമാണ് ലൂസിഫർ. അഭിനയ രംഗത്ത് നിന്നും സംവിധാന രംഗത്തേക്കുള്ള പൃഥ്വിരാജിന്‍റെ ചുവടുവെപ്പ് രേഖപ്പെടുത്തിയ സിനിമ കൂടിയാണിത്. ഈ ചിത്രത്തിലെ മുരളി ഗോപി എഴുതിയ ഡയലോഗുകൾ ഇപ്പോഴും മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ മോഹൻലാൽ സായികുമാറിനോട് പറയുന്ന ഡയലോഗാണ് 'ഉപദേശം കൊള്ളാം വര്‍മ സാറേ... പക്ഷെ ചെറിയൊരു പ്രശ്‌നമുണ്ട്... തന്‍റെ തന്തയല്ല എന്‍റെ തന്ത....'.