കേരളം

kerala

ETV Bharat / sitara

കേരളത്തിന്‍റെ യോദ്ധാക്കൾക്കും ഷൈലജ ടീച്ചറിനുമൊപ്പം തൊഴുകൈയോടെ മോഹൻലാലും

ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ആരോഗ്യപ്രവർത്തകരെ 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ കൂടാതെ മോഹൻലാലും വീഡിയോ കോൺഫറൻസ് വഴി ഒത്തുകൂടിയത്

By

Published : Apr 8, 2020, 10:36 PM IST

Mohanlal joined in the video conference  mohanlal and kerala health minister  mohanlal and shailaja teacher  video conference with health workers by mohanlal  covid 19  corona kerala  കേരളത്തിന്‍റെ യോദ്ധാക്കൾക്കും ഷൈലജ ടീച്ചറിനുമൊപ്പം  മോഹൻലാൽ വീഡിയോ കോൺഫെറൻസ്  കോറോണ കേരളം  കൊവിഡ് കേരളം  കെ കെ ശൈലജ
മോഹൻലാൽ

"ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ..." കൊവിഡിനെതിരെ മനക്കരുത്തോടെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ വീഡിയോ കോൺഫെറൻസ് വഴി സൂപ്പർതാരം മോഹൻലാൽ അഭിനന്ദിച്ചു. കിലോമീറ്ററുകൾക്കകലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹൻലാൽ പ്രശസ്തമായ ഈ ഗാനം ആരോഗ്യ പ്രവർത്തകർക്കായി പാടുമ്പോൾ അക്ഷരാർത്ഥത്തിൽ എല്ലാവരുടെയും മനം കുളിർത്തു. എല്ലാം മറന്ന് കൊറോണ രോഗികൾക്കായി മാറ്റി വച്ച ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ, നഴ്‌സുമാർ, മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാൻ മാർഗനിർദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ കൂടാതെ മോഹൻലാലും വീഡിയോ കോൺഫറൻസ് വഴി ഒത്തുകൂടിയത്.

കേരളത്തിന്‍റെ എല്ലാ ജില്ലകളിലുമുള്ള കൊവിഡ് ആശുപത്രികളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവർത്തകർ അതത് ആശുപത്രികളിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഇങ്ങനെ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കാൻ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. "കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഊർജം വിലപ്പെട്ടതാണ്. ഉള്ള സാഹചര്യത്തിൽ ഭഗീരഥപ്രയത്നം നടത്തുന്ന ഇവർ നമുക്ക് അഭിമാനമാണ്. രോഗികൾക്ക് ഇവർ വലിയ പ്രതീക്ഷയാണ് നൽകുന്നത്." എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖലയിൽ നിന്നു ചെയ്തു തരാൻ തയ്യാറാണെന്നും മോഹൻലാൽ അറിയിച്ചു.

മോഹൻലാലും കേരളത്തിന്‍റെ യോദ്ധാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ചക്കിടയിൽ ഒരു പഴയ സൗഹൃദം പുതുക്കലുമുണ്ടായിരുന്നു. മോഹൻലാലിനോടൊപ്പം മോഡൽ സ്‌കൂളിൽ പഠിച്ചയാളാണ് താനെന്ന് കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റോയി പറഞ്ഞപ്പോൾ താരത്തിനും അത് അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പാളായ ഡോ. തോമസ് മാത്യുവിനെ മന്ത്രി പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹൻലാൽ ഒരു മണിക്കൂറോളം ആരോഗ്യപ്രവർത്തകരുമായി ചെലവഴിച്ചു. മാത്രവുമല്ല അദ്ദേഹം തൊഴുകൈയ്യോടെ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' എന്ന മനോഹര ഗാനവും അവർക്കായി ആലപിച്ചു. നിങ്ങൾ ലോകത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പ്രാർഥിക്കുകയാണെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. ചങ്കുറപ്പിന്‍റെയും കർത്തവ്യബോധത്തിന്‍റെയും പര്യായങ്ങളായ ഡോക്‌ടർമാർ മുതൽ ആശുപത്രികളിലെ ശുചീകരണത്തൊഴിലാളികൾ വരെ അഹോരാത്രം പ്രയത്‌നിക്കുന്നുണ്ടെന്നും ഇവരില്ലെങ്കിൽ ആരോഗ്യമന്ത്രി എന്ന നിലയിൽ തന്‍റെ പ്രവർത്തനങ്ങളും നിഷ്‌ഫലമാകുമെന്നും കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ABOUT THE AUTHOR

...view details