ആരാധകർക്ക് താങ്ങാനാവുന്നതല്ലായിരുന്നു കർണാടക സിനിമാ താരം ചിരഞ്ജീവി സർജയുടെ വിയോഗം. അപ്രതീക്ഷിതമായാണ് ചിരു കൺമറഞ്ഞത്. പത്ത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരമായ ചിരുവും തെന്നിന്ത്യൻ നടി മേഘ്‌ന രാജും ഒരു കുഞ്ഞു പിറക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു. സംസ്‌കാര ചടങ്ങിൽ ചിരുവിനെ കെട്ടിപ്പിടിച്ച് മേഘ്‌ന കരയുന്ന വീഡിയോയയും ആരാധകരെ വികാരാതീതരാക്കിയിരുന്നു. ഇപ്പോഴിതാ, താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്.
“ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങൾ വാക്കുകളാക്കാൻ എനിക്ക് കഴിയുന്നില്ല. നീയെനിക്ക് ആരായിരുന്നു എന്നത് വിവരിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്‍റെ സുഹൃത്ത്, എന്‍റെ കാമുകൻ, എന്‍റെ പങ്കാളി, എന്‍റെ കുഞ്ഞ്, എന്‍റെ വിശ്വസ്തൻ, എന്‍റെ ഭർത്താവ്, ഇതിനെല്ലാം അപ്പുറമാണ് നീയെനിക്ക്. നീ എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗമാണ് ചിരു.
ഓരോ തവണയും വാതിലിലേക്ക് ഞാൻ നോക്കുമ്പോഴും എന്‍റെ ആത്‌മാവിലേക്ക് അഗാധമായ വേദന തുളച്ചിറങ്ങുന്നു, ‘ഞാൻ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരുന്നില്ല. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ സ്‌പർശിക്കാൻ കഴിയാത്തതിൽ എന്‍റെ ഹൃദയം വിങ്ങുന്നു. അങ്ങനെ വേദനിച്ച്, ഒരായിരം തവണ ഞാൻ മരിച്ചു കഴിഞ്ഞു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു മാന്ത്രിക ശക്തിപോലെ നീ എന്‍റെ ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നു. നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് എന്നെ തനിച്ചാക്കാൻ നിനക്ക് കഴിയില്ല, അല്ലേ? നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനം- നമ്മുടെ കുഞ്ഞ്. നമ്മുടെ സ്നേഹത്തിന്‍റെ പ്രതീകം. ഈ അത്ഭുതത്തിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കൈകളിലെടുക്കാൻ, നിന്‍റെ പുഞ്ചിരി കാണാൻ, ഇവിടം മുഴുവൻ പ്രകാശം പരത്തുന്ന നിന്‍റെ ചിരി കേൾക്കാൻ, ഇനിയും കാത്തിരിക്കാൻ വയ്യ. ഞാൻ നിനക്കായി കാത്തിരിക്കുന്ന പോലെ നീയും മറുവശത്ത് കാത്തിരിക്കുകയാണ്. ഞാന ശ്വസിക്കുന്നത് വരെ വരെ നീയും ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു-” മേഘ്നയുടെ ഹൃദയഭേദമകമായ കുറിപ്പ്.
ഈ മാസം ഏഴിനാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. ഹൃദയാഘാതം മൂലമായിരുന്നു കന്നഡ താരത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങൽ. ചിരുവിന്‍റെ ഭാര്യ മേഘ്ന മലയാളം, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലെ പ്രശസ്‌ത അഭിനേത്രിയാണ്.