പ്രായം റിവേഴ്സ് ഗിയറിലെന്നാണ് മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങളെ കുറിച്ച് ആരാധകർ പറയുന്നത്. ഇപ്പോഴിതാ, ചതുർമുഖം എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ഥമുള്ള വാർത്താസമ്മേളനത്തിന് എത്തിയ മഞ്ജുവിന്‍റെ ലുക്കാണ് തരംഗമാകുന്നത്. ഫോട്ടോഗ്രാഫർ ശരത് പകർത്തിയ ചിത്രമാണ് വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സ്റ്റാറ്റസുകളായി നിറയുന്നത്. ആരാധകർ മാത്രമല്ല, സിനിമാതാരങ്ങളും മഞ്ജു വാര്യരുടെ ലുക്കിനെ പ്രശംസിച്ച് ചിത്രം പങ്കുവെച്ചിട്ടുണ്ട്.
'പ്രായം റിവേഴ്സിൽ'; സമൂഹമാധ്യമങ്ങളിൽ മഞ്ജു തരംഗം - വെള്ള ഷർട്ട് ബ്ലാക്ക് സ്കേർട്ട് മഞ്ജു വാര്യർ വാർത്ത
എറണാകുളത്ത് ചതുർമുഖം സിനിമയുടെ വാർത്താസമ്മേളനത്തിനെത്തിയ മഞ്ജു വാര്യരുടെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
വെള്ള ഷര്‍ട്ടിലും ബ്ലാക്ക് സ്‌കേര്‍ട്ടിലുമുള്ള മഞ്ജുവിനെ കാണാൻ കൊറിയൻ താരത്തെ പോലെയുണ്ടെന്ന് ചിലർ പ്രശംസിച്ചു. 42 വയസിൽ ചുറുചുറുക്കോടെ പുതിയ സിനിമകളും വിജയങ്ങളുമായി മുന്നോട്ട് പോകുന്ന താരം ഏവര്‍ക്കും പ്രചോദനമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ സിനിമയായ ചതുർമുഖത്തിൽ മഞ്ജു വാര്യർക്കൊപ്പം സണ്ണി വെയ്‌നാണ് പ്രധാന താരമാകുന്നത്. ചിത്രത്തിലെ മൂന്നാമത്തെ മുഖം അലൻസിയറും നാലാമത്തെ മുഖം സ്മാർട്ട് ഫോണുമാണെന്നും പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
രഞ്ജീത് കമല ശങ്കര്‍, സലില്‍ വി. എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്‍റെയും മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.